പ്രത്യേക സാമ്പത്തികസാഹചര്യം:  ജോലിമികവിനുള്ള ആനുകൂല്യം നിര്‍ത്താന്‍ തീരുമാനം

കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ ഡിപ്പാര്‍ട്മെന്‍റുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ജോലിയിലെ മികവ് പരിഗണിച്ച് നല്‍കുന്ന പ്രത്യേക ആനുകൂല്യം നിര്‍ത്താന്‍ തീരുമാനം.
 പെട്രോളിന്‍െറ വിലക്കുറവിനെ തുടര്‍ന്നുള്ള പ്രത്യേക സാമ്പത്തികസാഹചര്യം പരിഗണിച്ച് ചെലവുചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി ഇത് നടപ്പാക്കാന്‍ സിവില്‍ സര്‍വിസ് കമീഷന്‍ ധനകാര്യമന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തു. ഈ വര്‍ഷംകൂടി ആനുകൂല്യം സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ക്ക് നല്‍കാമെന്നും 2017 മാര്‍ച്ച് മുതല്‍ അത് കൊടുക്കുന്നത് പാടേ നിര്‍ത്തണമെന്നുമാണ് സിവില്‍ സര്‍വിസ് കമീഷന്‍ നിര്‍ദേശം. രാജ്യത്തെ സാമ്പത്തികസ്ഥിതി ആശങ്കയിലാക്കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഡിപ്പാര്‍ട്മെന്‍റുകളില്‍ മിതത്വവും ചെലവുചുരുക്കലും പ്രാവര്‍ത്തികമാക്കുന്നതിന്‍െറ ഭാഗമായാണിതെന്ന് കമീഷന്‍ വിശദീകരിച്ചു.
 നിലവില്‍ 54 സര്‍ക്കാര്‍ ഡിപ്പാര്‍ട്മെന്‍റുകളിലെ ഉദ്യോഗസ്ഥരാണ് ജോലിയിലെ മികവിനെന്ന പേരില്‍ ഈ ആനുകൂല്യം കൈപ്പറ്റുന്നത്. ചില ഡിപ്പാര്‍ട്മെന്‍റുകളിലെ വകുപ്പുമേധാവികളും ഉദ്യോഗസ്ഥരും അടിസ്ഥാനശമ്പളത്തിന് പുറമെ 500 മുതല്‍ 3000 ദീനാര്‍വരെ ജോലിയിലെ മികവ് (അമല്‍ മുംതാസ്) എന്നപേരില്‍ ഈ ആനുകൂല്യം വാങ്ങുന്നുണ്ടത്രെ. ഈ ഇനത്തില്‍ 300 മില്യണ്‍ ദീനാറിന്‍െറ അധികബാധ്യതയാണ് സര്‍ക്കാറിനുമേലുണ്ടാകുന്നത്. ഏത് പ്രതിസന്ധിയുടെ സാഹചര്യത്തിലും ഉദ്യോഗസ്ഥരുടെ അടിസ്ഥാനശമ്പളം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാറിന് അവകാശമില്ലാത്തതുപോലെ ഇത്തരം ആനുകൂല്യങ്ങള്‍ നിര്‍ബന്ധമായി നല്‍കണമെന്ന ബാധ്യതയും സര്‍ക്കാറിനില്ല. ഇതിനാലാണ് സാമ്പത്തികവെല്ലുവിളിയുടെ കാലത്തും അടിസ്ഥാനശമ്പളത്തില്‍ കുറവ് വരുത്താതെ ആനുകൂല്യങ്ങള്‍ നിര്‍ത്തിവെക്കാന്‍ സിവില്‍ സര്‍വിസ് കമീഷന്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.