തെരഞ്ഞെടുപ്പിന് ആവേശം പകര്‍ന്ന്  കെ.ഐ.ജി സംവാദം

ഫഹാഹീല്‍: തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ കെ.ഐ.ജി കുവൈത്ത് സംഘടിപ്പിച്ച സംവാദം ശ്രദ്ധേയമായി. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാടുകളെയും സമകാലിക സംസ്ഥാന, ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളെയും നിരൂപണം ചെയ്ത സംവാദം ചൂടേറിയ ചര്‍ച്ചകള്‍ക്കും വേദിയായി.
 കുവൈത്തിലെ വിവിധ പ്രവാസി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ അണിനിരന്ന പരിപാടി തെരഞ്ഞെടുപ്പിന്‍െറ ചൂടും ചൂരും നിറഞ്ഞുനിന്നതായിരുന്നു. ഫഹാഹീല്‍ യൂനിറ്റി സെന്‍ററില്‍ നടന്ന സംവാദം കെ.ഐ.ജി പ്രസിഡന്‍റ് ഫൈസല്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. സര്‍ക്കാറുകളും രാഷ്ട്രീയ പാര്‍ട്ടികളും പുലര്‍ത്തിപ്പോരുന്ന ജനദ്രോഹ നയങ്ങളും അധാര്‍മിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും മൂലം മനസ്സ് മടുത്ത അവസ്ഥയിലാണ് പൊതുസമൂഹം എത്തിനില്‍ക്കുന്നതെന്ന് അദ്ദേഹം ആശങ്കപ്പെട്ടു. ജനക്ഷേമ തല്‍പരരായ ജനപ്രതിനിധികളും നാടിന്‍െറ നന്മയും ക്ഷേമവും ഉറപ്പുവരുത്തുന്ന സര്‍ക്കാറുമുണ്ടായിത്തീരാന്‍ ഈ തെരഞ്ഞെടുപ്പ് മൂലം സാധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. റോഡുകളും പാലങ്ങളും പണിത് യാത്രാസൗകര്യങ്ങള്‍ വിപുലപ്പെടുത്തിയും ജനസമ്പര്‍ക്ക പരിപാടികളിലൂടെ കേരളചരിത്രത്തില്‍ മാതൃക സൃഷ്ടിച്ചും യു.ഡി.എഫ് സര്‍ക്കാര്‍ സമ്മാനിച്ച വികസന നേട്ടങ്ങള്‍ മുന്‍നിര്‍ത്തി ഈനാട് വളരാന്‍ ഭരണത്തുടര്‍ച്ച അനിവാര്യമാണെന്ന് ജി.പി.സി.സി പ്രതിനിധി രാജേഷ് ബാബു അഭിപ്രായപ്പെട്ടു. കൃത്യവും പ്രായോഗികവുമായ നയപരിപാടികളാണ് കേരളത്തിന്‍െറ സമഗ്ര വികസനത്തിന് എല്‍.ഡി.എഫ് മുന്നോട്ടുവെക്കുന്നതെന്നും അഴിമതിയും വിലക്കയറ്റവും വര്‍ഗീയതയും മൂലം ജനം പൊറുതിമുട്ടുകയും നാട് ഭരിച്ചുമുടിക്കുകയും ചെയ്ത യു.ഡി.എഫില്‍നിന്നും കേരളത്തെ രക്ഷിക്കാന്‍ എല്‍.ഡി.എഫ് വരുമെന്നും എല്ലാം ശരിയാകുമെന്നും കല കുവൈത്ത് പ്രതിനിധി തോമസ് മാത്യു കടവില്‍ പറഞ്ഞു. വഴിമുട്ടിയ കേരളത്തിന് വഴികാട്ടാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്ന്  ഭാരതീയ പ്രവാസി പരിഷത്ത് പ്രതിനിധി എം.കെ. സുമോദ് പറഞ്ഞു. 
വികസനത്തിന്‍െറ നീണ്ട നിരയാണ് അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കാഴ്ചവെച്ചതെന്ന് കെ.എം.സി.സി പ്രതിനിധി ഫാറൂഖ് ഹമദാനി അഭിപ്രായപ്പെട്ടു.

ഇത്രയും നാണംകെട്ട ഒരു മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ളെന്നും അഴിമതിമുക്ത കേരളത്തിനും ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുന്നതിനും എല്‍.ഡി.എഫ് അധികാരത്തില്‍ വരണമെന്നും ഐ.എം.സി.സി പ്രതിനിധി സത്താര്‍ കുന്നില്‍ പറഞ്ഞു. 60 കൊല്ലം ഇടത്, വലത് മുന്നണികളുടെ ദുര്‍ഭരണം മാറിമാറി അനുഭവിച്ച് മടുത്ത കേരളജനത ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത് ജനപക്ഷ രാഷ്ട്രീയ മുന്നേറ്റങ്ങളിലാണെന്നും നാടിന്‍െറ സമഗ്രവും നീതിയുക്തവുമായ പുരോഗതിക്ക് വ്യതിരിക്തമായ വികസന കാഴ്ചപ്പാടാണ് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ടുവെക്കുന്നതെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രതിനിധി അന്‍വര്‍ സഈദ് പറഞ്ഞു. ഭൂരഹിതരില്ലാത്ത കേരളമെന്ന യാഥാര്‍ഥ്യത്തിനും നാടിന്‍െറ അടിസ്ഥാന വികസനത്തിനും ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുന്നതിനും വെല്‍ഫെയര്‍ പാര്‍ട്ടിയെ പിന്തുണക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കെ.ഐ.ജി വൈസ് പ്രസിഡന്‍റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി പി.ടി. ശരീഫ് സ്വാഗതം പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.