?????? ???? ?????

വിദേശികളുടെ ജീവിതസാഹചര്യം: കുവൈത്ത് പിറകിലെന്ന റിപ്പോര്‍ട്ടിനെതിരെ  മന്ത്രി ഹിന്ദ് അല്‍ സബീഹും രംഗത്ത്

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികളുടെ ജീവിതസാഹചര്യം ഏറ്റവും മോശമായി തുടരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കുവൈത്താണെന്ന റിപ്പോര്‍ട്ടിനെതിരെ തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹും രംഗത്തുവന്നു.
 രാജ്യത്ത് തൊഴില്‍ തേടിയത്തെുന്ന വിദേശികളുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുകയാണെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചുള്ള സൗകര്യങ്ങള്‍ അവര്‍ക്ക് ഒരുക്കിക്കൊടുക്കുന്നതിന് രാജ്യം ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പ്രമുഖ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ‘ഇന്‍റര്‍ നാഷന്‍സ്’ ആണ് ലോകതലത്തില്‍ വിദേശ തൊഴിലാളികളുടെ ജീവിതനിലവാരം ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ കുവൈത്തിനെ ചേര്‍ത്ത് പട്ടിക തയാറാക്കിയത്. ജീവിത നിലവാരം, പൊതുസമൂഹവുമായുള്ള ഇടപെടല്‍, സാമ്പത്തിക സ്ഥിതി, ഫാമിലി സ്റ്റാറ്റസ്, ജോലി സ്ഥിരത തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ‘ഇന്‍റര്‍ നാഷന്‍സ്’ ഈ പട്ടിക തയാറാക്കിയത്. പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കുവൈത്ത് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളെ അന്താരാഷ്ട്ര സംഘടനകള്‍ അഭിനന്ദിച്ചിട്ടുണ്ടെന്നും ഹിന്ദ് അല്‍ സബീഹ് പറഞ്ഞു. 
അത്ര അറിയപ്പെടുന്ന സംഘടനയല്ല റിപ്പോര്‍ട്ട് തയാറാക്കിയത്. അവരുടെ ജോലിയെ ഞാന്‍ ആദരിക്കുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട് യാഥാര്‍ഥ്യങ്ങളുമായി ചേര്‍ന്ന് പോവുന്നതല്ല. എന്ത് മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് അവര്‍ ഇത്തരമൊരു റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് മനസ്സിലാവുന്നില്ല - അവര്‍ കൂട്ടിച്ചേര്‍ത്തു. ജനീവയില്‍ കഴിഞ്ഞ ജൂണില്‍ നടന്ന അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ 105ാമത് വാര്‍ഷിക സമ്മേളനത്തില്‍ കുവൈത്ത് പങ്കാളിയായിരുന്നു. 
തൊഴില്‍നിയമം പരിഷ്കരിച്ചതും മനുഷ്യക്കടത്ത് തടയാന്‍ സ്വീകരിച്ച നടപടികളുമടക്കം കാര്യങ്ങള്‍ക്ക് കുവൈത്ത് ഈ സമ്മേളനത്തില്‍ അഭിനന്ദനമേറ്റുവാങ്ങി. വിദേശരാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി നിരവധി ഉടമ്പടികള്‍ രാജ്യം ഒപ്പുവെച്ചിട്ടുണ്ട്.
അവര്‍ക്ക് താമസ സൗകര്യം ഒരുക്കുകയും ആരോഗ്യവും നിയമപരവും മനഃശാസ്ത്രപരവുമായ നിരവധി സേവനങ്ങളും കുവൈത്ത് ഒരുക്കി -മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടിനെതിരെ കുവൈത്തിലെ എം.പിമാര്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് കുവൈത്തിനെ മോശപ്പെടുത്തി 
ഈ സ്ഥാപനം പട്ടിക പുറത്തുവിടുന്നത്. 
അന്താരാഷ്ട്ര തലത്തില്‍ കുവൈത്തിന് കളങ്കമുണ്ടാക്കാന്‍വേണ്ടിയുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണ് ഈ റിപ്പോര്‍ട്ടിന് പിന്നിലെന്ന് നിരവധി പാര്‍ലമെന്‍റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.