കുവൈത്ത് സിറ്റി: മലയാളത്തിെൻറ മഹാഘോഷത്തിന് കുവൈത്തിെൻറ മണ്ണിൽ അരങ്ങുണർന്നപ്പോൾ കുവൈത്തിലെ മലയാളി സമൂഹത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച അഞ്ചു സംഘങ്ങൾ ആദരിക്കപ്പെട്ടു. കല കുവൈത്ത്, സാന്ത്വനം കുവൈത്ത്, ഒരുമ, കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ, എത്തിക്കൽ എൻറർടെയ്ൻമെൻറ് എസ്റ്റാബ്ലിഷ്മെൻറ് എന്നീ കൂട്ടായ്മകളാണ് ആദരിക്കപ്പെട്ടത്. യോഗ്യത മാത്രം അടിസ്ഥാനമാക്കി കൃത്യമായ മാനദണ്ഡങ്ങൾ മാത്രം മുന്നിൽവെച്ച് വിദഗ്ധ സമിതി നിരവധി കൂടിയാലോചനകൾക്ക് ശേഷമാണ് ആദരിക്കേണ്ട സംഘങ്ങളെ തെരഞ്ഞെടുത്തത്. ‘മാതൃഭാഷാ പഠന പദ്ധതി’യിലൂടെ മലയാള ഭാഷക്ക് നൽകിയ സംഭാവനകളാണ് കല കുവൈത്തിനെ തെരഞ്ഞെടുക്കാൻ കാരണം. കഴിഞ്ഞ വർഷം കുവൈത്തിനെ 12 മേഖലകളായി തിരിച്ച് 100 ക്ലാസുകളിലായി 1500ലധികം കുട്ടികൾ ‘മാതൃഭാഷാ പഠന പദ്ധതി’ വഴി മലയാള ഭാഷയുടെ പ്രാഥമിക പാഠങ്ങൾ പഠിച്ചു. കുവൈത്തിെൻറ വിവിധ ഭാഗങ്ങളിലായി 100 ഫ്ലാറ്റുകളിലെ കൊച്ചുമുറികളിലാണ് അധ്യയനം. വീട്ടമ്മമാരും മറ്റ്ു തൊഴിലെടുക്കുന്നവരും ഉൾപ്പെടെ 125ഒാളം അധ്യാപകർ സൗജന്യമായാണ് പഠിപ്പിക്കുന്നത്. ജീവകാരുണ്യ മേഖലയിൽ നടത്തുന്ന നിസ്വാർഥ സേവനങ്ങളുടെ പേരിലാണ് സാന്ത്വനം കുവൈത്തിനെ ഗൾഫ് മാധ്യമം ആദരിച്ചത്. 16 വർഷത്തിനിടെ കേരളത്തിലെ വിവിധ ജില്ലകളിലായി 9400ലധികം രോഗികളാണ് സാന്ത്വനത്തിലൂടെ കാരുണ്യത്തിെൻറ കൈനീട്ടം ഏറ്റുവാങ്ങിയത്. ആകെ 8,08,59,157 രൂപയാണ് ഇതുവരെ ജീവകാരുണ്യപ്രവർത്തനത്തിന് ചെലവഴിച്ചത്. ഏറ്റവും വ്യവസ്ഥാപിതമായും സുതാര്യമായും പ്രവർത്തിക്കുന്നതിനൊപ്പം വ്യക്തികൾക്ക് പ്രാധാന്യം നൽകാതെ പ്രവർത്തിക്കുന്നു എന്നതാണ് സാന്ത്വനം കുവൈത്തിനെ വ്യത്യസ്തമാക്കുന്നത്.
കുവൈത്തിെൻറ സാമൂഹിക സാംസ്കാരിക മണ്ഡലത്തിൽ നാലു പതിറ്റാണ്ടായി പ്രവർത്തിക്കുന്ന കെ.െഎ.ജിക്ക് കീഴിലെ സാമൂഹികക്ഷേമ പദ്ധതിയാണ് ‘ഒരുമ’. കുവൈത്തിലെ ഏറ്റവും വലിയ സാമൂഹികക്ഷേമ പദ്ധതിയെന്ന നിലയിൽ ഒരുമ ആദരിക്കപ്പെടാൻ ഏറ്റവും അർഹതയുള്ളതാണ്. ജാതി, മത, സംഘടനാ വ്യത്യാസങ്ങൾക്കതീതമായി ഒരുമിച്ചുനിൽക്കുകയും ആ ഒരുമയുടെ ഫലത്തെ കൂട്ടായ്മയിലുൾപ്പെട്ട എല്ലാവർക്കും സഹായകമായി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയിലൂടെ. നിലവിൽ 27,000ത്തിലധികം അംഗങ്ങളുണ്ട്. ആറു വർഷത്തിനിടെ 66 പേർക്കായി ഒരുകോടി 58 ലക്ഷം രൂപ ഒരുമയിലൂടെ സഹായധനമായി കൈമാറിയിട്ടുണ്ട്.
15,548 അംഗങ്ങളുടെ കുവൈത്തിലെ വലിയ മലയാളി സംഘടനയാണ് ‘കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ’. അംഗങ്ങൾക്കായും പൊതുസമൂഹത്തിനായും ചെയ്യുന്ന വിവിധ സാമൂഹികക്ഷേമ പ്രവർത്തനങ്ങളാണ് ഇൗ സംഘടനയെ ശ്രദ്ധേയമാക്കുന്നത്. വിദേശ മലയാളികളുടെ വിപുലമായ കൂട്ടായ്മയിൽ ഒരുങ്ങുന്ന ആദ്യ മുഴുനീള മലയാള സിനിമയായ ‘ഹദ്യ’യുടെ അണിയറ പ്രവർത്തകരെ ആദരിക്കുന്നത് കലയെ നെഞ്ചേറ്റിയ, കലാസംരംഭത്തിന് പ്രോത്സാഹനം നൽകിയ കുവൈത്തിലെ മലയാളി കൂട്ടായ്മ എന്ന നിലക്കാണ്. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന ഇൗ സംഘങ്ങളോരോന്നും ആദരിക്കപ്പെടാൻ അർഹരാണ്. നിസ്തുലമായ സേവനങ്ങൾ ചെയ്യുന്ന നിരവധി സംഘടനകളും കൂട്ടായ്മകളും കുവൈത്ത് മലയാളികൾക്കിടയിലുണ്ട്. അവർക്കെല്ലാം സ്നേഹോഷ്മളമായ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതോടൊപ്പം സമയപരിമിതി മൂലം ഇൗ പൊതുവേദിയിൽ എല്ലാവരെയും ആദരിക്കാൻ കഴിയാത്തതിൽ സംഘാടക സമിതിക്ക് വിഷമമുണ്ട്. അടുത്തൊരു ഘട്ടത്തിൽ മറ്റു സംഘങ്ങളെയും ഗൾഫ് മാധ്യമം ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.