കുവൈത്ത് സിറ്റി: കുവൈത്ത് ജനസംഖ്യയിൽ പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ മുന്നിൽ. കുവൈത്തിൽ മൊത്തം ജനസംഖ്യയുടെ 68.3 ശതമാനം പ്രവാസികളാണ്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം കുവൈത്തിൽ 21 ശതമാനം ഇന്ത്യക്കാരാണ്. 2023 അവസാനത്തോടെ കുവൈത്തിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ എണ്ണം 1,000,726 ആയി ഉയർന്നു. 2019നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.
കുവൈത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രവാസി സമൂഹം ഈജിപ്താണ്. ജനസംഖ്യയുടെ 13 ശതമാനമാണ് കുവൈത്തിലെ ഈജിപ്തുകാർ. എന്നാൽ ഈജിപ്ഷ്യൻ സമൂഹത്തിന്റെ എണ്ണം 2022 ൽ 655,234 ആയിരുന്നത് 2023 ൽ 644,442 ആയി കുറഞ്ഞു. 2019ൽ 696,082 ആയിരുന്നു എണ്ണം. അതേസമയം ബംഗ്ലാദേശികൾ 2022ൽ 256,849ൽനിന്ന് 2023ൽ 274,794 ആയി വർധിച്ചു. മൊത്തം ജനസംഖ്യയുടെ ആറു ശതമാനമാണ് കുവൈത്തിൽ ബംഗ്ലാദേശികൾ.
കുവൈത്തിലെ അഞ്ചാമത്തെ വലിയ സമൂഹം ഫിലിപ്പീനികളാണ്. മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനമാണിത്. എന്നാൽ കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഫിലിപ്പിനോ തൊഴിലാളികളുടെ നിരോധനത്തെത്തുടർന്ന് 2022ലെ 274,777ൽനിന്ന് 2023ൽ അവരുടെ എണ്ണം 267,259 ആയി കുറഞ്ഞു.
സൗദി അറേബ്യ, ശ്രീലങ്ക, സിറിയ (മൂന്നു ശതമാനം വീതം), നേപ്പാൾ, പാകിസ്താൻ (രണ്ടു ശതമാനം വീതം) എന്നിങ്ങനെയാണ് കുവൈത്തിലെ മറ്റു രാജ്യങ്ങളിലെ പ്രവാസികൾ. കുവൈത്തിലെ മൊത്തം തൊഴിലാളികളിൽ 30 ശതമാനം ഇന്ത്യക്കാരാണ്.
കുവൈത്തികളും ഈജിപ്തുകാരും (16 ശതമാനം വീതം), ബംഗ്ലാദേശികളും ഫിലിപ്പിനോകളും (ഒമ്പതു ശതമാനം വീതം) ഉണ്ട്. പ്രവാസി തൊഴിലാളികളിൽ ഏറ്റവും കൂടുതലും ഇന്ത്യക്കാരാണ് (35 ശതമാനം), ഈജിപ്തുകാർ (19 ശതമാനം), ബംഗ്ലാദേശികൾ (11 ശതമാനം), ഫിലിപ്പിനോകൾ (10 ശതമാനം), ശ്രീലങ്കക്കാർ (ആറു ശതമാനം) എന്നിങ്ങനെയാണ് കണക്ക്.
കുവൈത്ത് 32%
ഇന്ത്യ 21%
ഈജിപ്ത് 13%
ബംഗ്ലാദേശ് 6%
ഫിലിപ്പീൻസ് 5%
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.