കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃതമായി കഴിയുന്നവര്‍ക്ക് ‘പൊതുമാപ്പ്’ നിലവിൽ വന്നു. മാര്‍ച്ച് 17 മുതല്‍ ജൂണ്‍ 17 വരെയാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ അനധികൃതമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടുന്നതിനും പിഴയടച്ച് രേഖകള്‍ നിയമപരമാക്കുന്നതിനും കഴിയും.
ഇതോടെ സാധുവായ രേഖകളില്ലാതെ കുവൈത്തില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ സാധിക്കും. രാജ്യത്തെ മലയാളികള്‍ അടക്കമുള്ള പ്രവാസികൾ ആശ്വാസത്തോടെയാണ് തീരുമാനത്തെ കാണുന്നത്. പൊതുമാപ്പ് കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴയും മറ്റു നിയമനടപടികളും നേരിടാതെ രാജ്യം വിടാമെന്നത് ആശ്വാസകരമാണ്. ഇത്തരക്കാർക്ക് വീണ്ടും മറ്റൊരു വിസയിൽ കുവൈത്തിലേക്ക് മടങ്ങിവരാനും കഴിയും.
കുവൈത്തിൽ ഒരു ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് കണക്ക്. ഇവർക്ക് പൊതുമാപ്പ് കാലയളവ് ഉപയോഗപ്പെടുത്തി നിയമനടപടികൾ നേരിടാതെ നാട്ടിൽ പോകാൻ ഈ സൗകര്യം ഉപയോഗപ്പെടുത്താം. പൊതുമാപ്പിന് രജിസ്റ്റർ ചെയ്യേണ്ട രീതിയും കേന്ദ്രങ്ങളും വൈകാതെ അധികൃതർ വ്യക്തമാക്കും. വിവിധ രാജ്യങ്ങളുടെ എംബസികളും അപേക്ഷകർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകും. പൊതുമാപ്പ് കാലയളവിൽ മലയാളികളെ സഹായിക്കുന്നതിനായി വിവിധ മലയാളി സംഘടനകൾക്ക് കീഴിലും ആസൂത്രണങ്ങൾ നടന്നുവരികയാണ്.
റമദാൻ മാസം, അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ സ്ഥാനാരോഹണം, കുവൈത്തിന്റെ മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ച എന്നിവയുടെ ഭാഗമായാണ് പൊതുമാപ്പ് തീരുമാനം. കുവൈത്തിൽ 2021ൽ ഭാഗികമായും 2020 ലും 2018 ലും പ്രത്യേകമായും നിയലംഘകർക്ക് പൊതുമാപ്പും രേഖകൾ നിയമപരമാക്കാനുള്ള അവസരവും നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.