കുവൈത്ത് സിറ്റി: കുവൈത്തിൽ മാർച്ചിൽ കോവിഡ് ബാധിച്ച് മരിച്ചത് 225 പേർ. 1313 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഫെബ്രുവരിയിൽ 124 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം അവസാന മാസങ്ങളിൽ കുറഞ്ഞുവന്ന പ്രതിദിന കേസുകളും മരണവും ഇൗ വർഷം കുത്തനെ ഉയർന്നു. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ട്. ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയിട്ടും മരണനിരക്ക് കുറഞ്ഞിട്ടില്ല. മലയാളികൾ ഉൾപ്പെടെ പ്രവാസികളുടെ മരണവും വർധിച്ചുവരുന്നു. നിരവധി പ്രവാസികൾ കഴിഞ്ഞ രണ്ടു മാസങ്ങളിലായി മരിച്ചു. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനയുണ്ട്.
രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വർധിക്കുന്നതു മാത്രമാണ് നേരിയ ആശ്വാസം. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്. കോവിഡ് വ്യാപനം പ്രതീക്ഷിച്ച തോതിൽ കുറയാത്തതുകൊണ്ടാണ് ഏപ്രിൽ എട്ടുവരെ പ്രഖ്യാപിച്ചിരുന്ന കർഫ്യൂ 22 വരെ നീട്ടാൻ തീരുമാനിച്ചത്. മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിക്കുന്ന അവസ്ഥയിലും ജനങ്ങൾക്ക് നേരേത്ത ഉണ്ടായിരുന്ന ഭീതിയും ജാഗ്രതയും ഇപ്പോൾ ഇല്ല. കർഫ്യൂ ഇല്ലാത്ത സമയങ്ങളിൽ ജനജീവിതം സാധാരണമാണ്. ഒത്തുകൂടലുകൾ യഥേഷ്ടം നടക്കുന്നുണ്ട്; പ്രത്യേകിച്ച് കുവൈത്തി കുടുംബങ്ങളിൽ. കുവൈത്തികളിലാണ് കോവിഡ് വ്യാപനം കൂടുതലുള്ളത്. രാജ്യത്തെ കോവിഡ് രോഗികളിലും െഎ.സി.യുവിൽ ഉള്ളവരിലും 65 ശതമാനത്തിലധികം കുവൈത്തികളാണ്. പിന്നീട് ഇവരുമായി കൂടുതൽ സമ്പർക്കത്തിലേർപ്പെടുന്ന ഫിലിപ്പിനോകളും.
കർഫ്യൂ ലംഘനം: 13 പേർകൂടി അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 13 പേർകൂടി അറസ്റ്റിലായി. നാലു കുവൈത്തികളും ഒമ്പതു വിദേശികളുമാണ് പിടിയിലായത്. കാപിറ്റൽ ഗവർണറേറ്റിൽ മൂന്നുപേർ, ഹവല്ലി ഗവർണറേറ്റിൽ നാലുപേർ, ഫർവാനിയ, ജഹ്റ ഗവർണറേറ്റുകളിൽ ഒാരോരുത്തർ, അഹ്മദി ഗവർണറേറ്റിൽ നാലുപേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്. മുബാറക് അൽ കബീർ ഗവർണറേറ്റിൽ ആരും അറസ്റ്റിലായില്ല. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിൽ വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചു വരെയാണ് രാജ്യത്ത് കർഫ്യൂ. രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കാൻ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്. ഏപ്രിൽ എട്ടുമുതൽ കർഫ്യൂ സമയത്തിലും നടക്കാൻ അനുമതി നൽകിയ സമയത്തിലും മാറ്റമുണ്ട്.
കോവിഡ്: 1233 കേസുകൾ കൂടി; എട്ടു മരണം 1384 രോഗമുക്തി;
കുവൈത്ത് സിറ്റി: കുവൈത്തിൽ വെള്ളിയാഴ്ച 1233 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 2,34,754 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 1384 പേർ ഉൾപ്പെടെ 2,19,257 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,170 പേരാണ് ചികിത്സയിലുള്ളത്. 241 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ 11 പേർ കുറഞ്ഞു. എട്ടുപേർ കൂടി മരിച്ചു. ഇതുവരെ കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 1327 പേരാണ്. 9450 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തി.
ഇതുവരെ രാജ്യത്ത് 20,75,498 പേർക്ക് വൈറസ് പരിശോധന നടത്തി. ടെസ്റ്റ് പോസിറ്റിവിറ്റി 13.05 ശതമാനം ആണ്. ഭാഗിക കർഫ്യൂ നടപ്പാക്കിയിട്ടും കേസുകൾ കുറയാത്തത് ആശങ്കജനകമാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണ സംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനവുണ്ട്. രോഗമുക്തരുടെ എണ്ണവും ഒപ്പത്തിനൊപ്പം വർധിക്കുന്നത് മാത്രമാണ് നേരിയ ആശ്വാസം. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.