കുവൈത്ത് സിറ്റി: അംഗീകാരമില്ലാത്ത മണി എക്സ്ചേഞ്ചുകളിലൂടെയും മറ്റും അധികൃതമായി പണം കൈമാറ്റം ചെയ്യുന്നവർക്ക് അഞ്ച് വർഷം തടവോ കൈമാറ്റം ചെയ്ത തുകയുടെ ഇരട്ടി പിഴയോ ശിക്ഷ ഇൗടാക്കണമെന്ന് കരടുനിയമവുമായി അബ്ദുല്ല അൽ തുറൈജി എം.പി. കുവൈത്തിൽനിന്ന് വിദേശികൾ അയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്നും കരടുനിർദേശത്തിൽ പറയുന്നു. വ്യക്തികൾ, കമ്പനികൾ, സംഘടനകൾ എന്നിവ അയക്കുന്ന പണത്തിന് നികുതി ചുമത്തി സെൻട്രൽ ബാങ്കിന് കൈമാറണം.
രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുത്താനും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനും മറ്റു രാജ്യങ്ങളിലേക്കുള്ള പണത്തിെൻറ ഒഴുക്ക് നിയന്ത്രിക്കാനും പുതിയ നിർദേശത്തിലൂടെ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. കുവൈത്തിൽനിന്ന് പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് നിർദേശം പല തവണ പാർലമെൻറിന് മുന്നിൽ വന്നിട്ടുണ്ടെങ്കിലും സർക്കാറിെൻറ എതിർപ്പ് മൂലം പ്രാവർത്തികമായിട്ടില്ല.
കുവൈത്ത് ചേംബർ ഒാഫ് കോമേഴ്സ്, സെൻട്രൽ ബാങ്ക് എന്നിവയുടെ എതിർപ്പ് ഉൾക്കൊണ്ടാണ് സർക്കാർ പണമയക്കൽ നികുതിയെ എതിർക്കുന്നത്. കള്ളപ്പണം ഒഴുകുമെന്നും സാമ്പത്തിക വ്യവസ്ഥക്ക് മേൽ പിടി നഷ്ടമാവുമെന്നും ചൂണ്ടിക്കാട്ടി സെൻട്രൽ ബാങ്കും റെമിറ്റൻസ് ടാക്സിന് എതിരാണ്. റെമിറ്റൻസ് ടാക്സ് നടപ്പാക്കിയാൽ സമ്പദ്ഘടനയിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കും എന്നാണ് സർക്കാർ വിലയിരുത്തൽ. നികുതി ഏർപ്പെടുത്തുന്നത് സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധരായ വിദേശികൾ കുവൈത്ത് വിടുമെന്നും വിദേശ നിക്ഷേപ സാധ്യത ഇല്ലാതാക്കുമെന്നുമാണ് സർക്കാർ വാദം. ഇത്തവണ പ്രതിപക്ഷ എം.പിമാർക്ക് നിർണായക സ്വാധീനമുള്ളതിനാൽ പാർലമെൻറ് അംഗങ്ങൾ ചെലുത്തുന്ന സമ്മർദത്തിന് ബലമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.