കുവൈത്ത് സിറ്റി: സർക്കാർ അസാന്നിധ്യം കാരണം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരാനിരുന്ന ദേശീയ അസംബ്ലി സമ്മേളനം മാറ്റിവെച്ചു. ഫെബ്രുവരി ആറ്, ഏഴ് തീയതികളിലേക്കാണ് സമ്മേളനം മാറ്റിവെച്ചത്. ചൊവ്വാഴ്ച സഭ ചേർന്നതിനു പിറകെ സമ്മേളനം മാറ്റിവെക്കുന്നതായി സ്പീക്കർ അഹമ്മദ് അൽ സദൂൻ അറിയിക്കുകയായിരുന്നു. രാജിയെത്തുടർന്ന് ചൊവ്വാഴ്ചയിലെ ദേശീയ അസംബ്ലി സമ്മേളനത്തിൽ സർക്കാർ പങ്കെടുക്കില്ലെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയും ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയുമായ എസ്സ അൽ കന്ദരി അറിയിച്ചതായി സ്പീക്കർ പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 116 പ്രകാരം, പാർലമെന്റ് സെഷനുകളിൽ സർക്കാറിനെ പ്രതിനിധാനം ചെയ്ത് അതിന്റെ തലവനോ അംഗങ്ങളോ പങ്കെടുക്കേണ്ടതുണ്ട്. സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിലെ സഭാ സമ്മേളനങ്ങളും നീട്ടിവെച്ചിരുന്നു.
പുതിയ പ്രധാനമന്ത്രിയായി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹിനെ നിയമിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഈ മാസം നാലിന് ഉത്തരവിറക്കിയിരുന്നു. പുതിയ സർക്കാർ രൂപവത്കരിക്കാൻ അമീർ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ സർക്കാർ രൂപവത്കരണം പൂർത്തിയായിട്ടില്ല. നിലവിൽ പഴയ മന്ത്രിസഭയിലെ അംഗങ്ങൾ താൽക്കാലിക ചുമതലകളിൽ തുടരുകയാണ്. ഇതാണ് ചൊവ്വാഴ്ചയിലെ സമ്മേളനത്തിൽ നിന്ന് മന്ത്രിമാർ വിട്ടുനിൽക്കാൻ കാരണം. പുതിയ മന്ത്രിസഭ രൂപവത്കരണം വൈകാതെ നടക്കുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച അമീർ കൂടിക്കാഴ്ചകൾ നടത്തിവരികയാണ്. മന്ത്രിസഭാ രൂപവത്കരണവും ദേശീയ അസംബ്ലി സമ്മേളനവും നീളുന്നതിനാൽ സഭയുടെ പരിഗണനയിലുള്ള അജണ്ടകളും നീളുകയാണ്.
പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം, താമസം എന്നിവ ഉൾക്കൊള്ളുന്ന പുതിയ താമസ നിയമ കരട് നേരത്തേ ദേശീയ അസംബ്ലി അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഈ മാസം ആദ്യത്തിൽ ദേശീയ അസംബ്ലി അംഗീകാരം നൽകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസികൾ. ഇതോടെ ദീർഘകാലമായി നിർത്തിവെച്ച കുടുംബവിസ, സന്ദർശക വിസ എന്നിവ പുനരാരംഭിക്കുമെന്നും കണക്കുകൂട്ടൽ ഉണ്ടായിരുന്നു. ഇത് ഇനി അടുത്ത സമ്മേളനത്തിലാകും പരിഗണിക്കുക. പുതിയ പ്രധാനമന്ത്രിയുടെയും മന്ത്രിസഭാ അംഗങ്ങളുടെയും സത്യപ്രതിജ്ഞയും അടുത്ത സമ്മേളനത്തിൽ ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.