കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവർക്കുള്ള പ്രവേശന നിയന്ത്രണങ്ങളുടെ ഭാഗമായി വലിയ മാളുകളിൽ പൊലീസ്, സൈനിക നിരീക്ഷണം ശക്തമാക്കി.പ്രവേശന കവാടങ്ങളിൽ നിലയുറപ്പിച്ച ഉദ്യോഗസ്ഥർ സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐഡി അല്ലെങ്കിൽ ആരോഗ്യമന്ത്രാലയത്തിെൻറ ഇമ്യൂൺ ആപ് എന്നിവയുടെ സ്റ്റാറ്റസ് അടിസ്ഥാനമാക്കിയാണ് ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.
പച്ച, ഒാറഞ്ച് നിറം കാണിക്കുന്നവരെ പ്രവേശിപ്പിക്കും. ചുവപ്പ് നിറമുള്ളവർക്ക് പ്രവേശനമുണ്ടാകില്ല.വാക്സിൻ കോഴ്സ് പൂർത്തിയാക്കിയവരുടെ സ്റ്റാറ്റസ് പച്ച നിറത്തിലും 14 ദിവസത്തിനുള്ളിൽ ആദ്യ ഡോസ് സ്വീകരിച്ചവർക്കും കോവിഡ് മുക്തി നേടി 90 ദിവസം വരെയുള്ളവർക്കും ഓറഞ്ച് നിറത്തിലുമാണ് ആപ്പുകളിൽ കാണിക്കുക. വാക്സിൻ എടുക്കാത്തവർക്കാണ് ചുവപ്പുനിറം.
ആരോഗ്യമന്ത്രലയത്തിൽനിന്ന് പ്രത്യേക ഇളവ് നേടിയവർ, 16 വയസ്സിൽ താഴെയുള്ള കുട്ടികൾ, സ്ഥാപന ഉടമകൾ എന്നിവർക്ക് നിബന്ധനകളോടെ പ്രവേശനം അനുവദിക്കുന്നു. അവന്യൂസ് മാളിലെ 40 കവാടങ്ങളിൽ 17 എണ്ണത്തിൽ കൂടി മാത്രമാണ് സന്ദർശകരെ കയറ്റുന്നത്.
അവന്യൂസ് മാളിൽ ആഭ്യന്തര മന്ത്രാലയം പൊതുസുരക്ഷാകാര്യ അസി. അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫർറാജ് അൽ സൂബിയുടെ നേതൃത്വത്തിൽ ഉന്നത സംഘം സന്ദർശിച്ചു.360 മാളിൽ 20 ഗേറ്റുകളിൽ ഏഴെണ്ണം അടച്ചിരിക്കുകയാണ്. മറ്റു വാതിലുകളിൽ സുരക്ഷ ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ട്. 2, 7, 14, 17, 20, 23, 26 നമ്പർ ഗേറ്റുകളാണ് അടച്ചിരിക്കുന്നത്.
പരിശോധന നടപടികൾ മാളുകളുടെ പ്രവേശന കവാടങ്ങളിൽ തിരക്കിന് കാരണമാകുന്നുണ്ട്. മാളുകളുടെ അകത്തും സുരക്ഷ ഉദ്യോഗസ്ഥർ റോന്തുചുറ്റുന്നുണ്ട്. 6000 ചതുരശ്രമീറ്ററിൽ കൂടിയ മാളുകൾക്കാണ് നിയന്ത്രണങ്ങൾ ബാധകം. സാധാരണ ഹൈപ്പർ മാർക്കറ്റുകളിൽ ഇതിെൻറ പരിധിയിൽ വരുന്നില്ല.റസ്റ്റാറൻറുകൾ, ഹെൽത്ത് ക്ലബുകൾ, സലൂണുകൾ എന്നിവിടങ്ങളിലും പ്രവേശന നിയന്ത്രണം ബാധകമാണ്.
കുവൈത്ത് സിറ്റി: മന്ത്രിസഭ ഉത്തരവ് ലംഘിച്ച് വാക്സിനേഷൻ സ്റ്റാറ്റസ് നിബന്ധനകൾക്കു വിരുദ്ധമായി പ്രവേശനം അനുവദിക്കുന്ന വാണിജ്യ സമുച്ചയങ്ങൾ, ഹെൽത്ത് ക്ലബുകൾ, റസ്റ്റാറൻറുകൾ എന്നിവക്ക് 5000 ദീനാർ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ഉപഭോക്താവ് നിയന്ത്രണം ലംഘിച്ചാണ് പ്രവേശനം നടത്തിയതെങ്കിൽ അയാൾക്കെതിരെ നടപടിയെടുക്കും. ഇത് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്ഥാപനങ്ങൾ പിഴയടക്കണം. സഹകരണ സംഘങ്ങൾക്കും സമാന്തര വിപണികൾക്കും 6000 ചതുരശ്ര മീറ്ററിൽ താഴെയുള്ള വാണിജ്യകേന്ദ്രങ്ങൾക്കും മത്സ്യം, പച്ചക്കറി വിപണികൾക്കും നിയന്ത്രണം ബാധകമല്ല.
കുവൈത്ത് സിറ്റി: തുറന്നുവെച്ചിട്ടും കാര്യമായി സന്ദർശകർ ഇല്ലാതെ കുവൈത്തിലെ കഫെകളും റസ്റ്റാറൻറുകളും. കുത്തിവെപ്പ് എടുക്കാത്തവർക്ക് പ്രവേശനം തടഞ്ഞുകൊണ്ടുള്ള തീരുമാനം നടപ്പാക്കിയ ആദ്യ ദിവസത്തെ സ്ഥിതിയാണിത്. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായുള്ള സർക്കാർ ഉത്തരവ് പൂർണമായി നടപ്പാക്കും എന്ന് സ്ഥാപന ഉടമകൾ വ്യക്തമാക്കി.
കുടുംബത്തിൽ ചില അംഗങ്ങൾക്ക് വാക്സിനേഷൻ ലഭിക്കാത്തത് കുടുംബസമേതം റസ്റ്റാറൻറുകളിൽ എത്തിയിരുന്നവരെ അകറ്റിനിർത്തി. സർക്കാർ തീരുമാനത്തിെനാപ്പം ഉയർന്ന ചൂടും ഉപഭോക്താക്കൾ എത്താത്തതിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. നേരേത്ത കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ഏറ്റവുമധികം സാമ്പത്തിക ആഘാതം ഏൽപിച്ച മേഖലകളാണ് റസ്റ്റാറൻറുകളും കഫെകളും സലൂണുകളും.
പതിയെ കരകയറിവരുന്നതിനിടക്ക് എത്തിയ പുതിയ നിയന്ത്രണം ഇവർക്ക് താങ്ങാവുന്നതിന് അപ്പുറമാണ്. അതേസമയം, കുത്തിവെപ്പ് ദൗത്യം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനാൽ വൈകാതെ സ്ഥിതി മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. ഒരു ദിവസം 45,000ത്തോളം പേർക്ക് വാക്സിൻ നൽകിവരുന്നുണ്ട്.
കുവൈത്ത് സിറ്റി: വാണിജ്യസമുച്ചയങ്ങളിലെ ജീവനക്കാർക്ക് പ്രവേശനം അനുവദിക്കുന്നതിനായി തിരിച്ചറിയൽ രേഖകൾ പരിശോധിക്കുമെന്ന് മാൻപവർ അതോറിറ്റി. കുത്തിവെപ്പ് എടുക്കാത്തവർക്കുള്ള പ്രവേശന നിയന്ത്രണത്തിൽ സ്ഥാപന ജീവനക്കാർക്കും ഉടമകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
സിവിൽ െഎഡി വർക്ക് െഎഡൻറിറ്റിയുമായി പൊരുത്തപ്പെടുന്നുവെന്ന് പരിശോധിച്ചശേഷം മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് അതോറിറ്റിയിലെ ഇൻസ്പെക്ടർ അലി അൽ ബഗ്ലി പറഞ്ഞു. വാക്സിൻ സ്വീകരിക്കാത്തവരെ വാണിജ്യ സമുച്ചയങ്ങളിൽ പ്രവേശിക്കുന്നത് തടയാനുള്ള തീരുമാനം നടപ്പാക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുറത്തെ വിസയിൽ ജോലിയെടുക്കുന്നവരെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്.
മാളുകൾക്കകത്തെ ചെറിയ സ്ഥാപനങ്ങളിൽ അവിടത്തെ വിസയിൽ അല്ലാതെ ജോലിയെടുക്കുന്ന നിരവധി പേരുണ്ട്. ഇത് രാജ്യത്തെ നിയമത്തിന് എതിരാണ്. പരിശോധന കർശനമായതോടെ ഇവർക്ക് ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.