കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് യാത്രകൾ വീണ്ടും താളംതെറ്റുന്നു. അടുത്തിടെയായി വലിയ തടസ്സങ്ങളില്ലാതെ മുന്നോട്ടുപോയിരുന്ന സർവിസുകൾ ഈ ആഴ്ച മൊത്തം താളംതെറ്റി. ഒമാൻ, ഖത്തർ, യു.എ.ഇ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കെല്ലാമുള്ള വിമാന സർവിസുകൾ കഴിഞ്ഞ ആഴ്ച മുതൽ പലരൂപത്തിൽ യാത്രക്കാരെ പ്രയാസത്തിലാക്കി.
വെക്കേഷൻ, ഓണാഘോഷം എന്നിവ കണക്കിലെടുത്ത് ഏറെ യാത്രക്കാരുള്ള സമയത്താണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘സാങ്കേതിക തകരാർ’. അവധി കഴിഞ്ഞ് വരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി പേരാണ് ഇതുമൂലം പ്രയാസപ്പെടുന്നത്. വിമാനം വൈകുന്നതും റദ്ദാക്കുന്നതും പ്രവാസികളെ വലിയ രൂപത്തിൽ ദുരിതത്തിലാക്കുകയാണ്.
തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേക്ക് ഞായറാഴ്ച രാത്രിയിലെ വിമാനം പുറപ്പെട്ടത് തിങ്കളാഴ്ച രാത്രി. 24 മണിക്കൂറാണ് വിമാനം വൈകിയത്. ഇതോടെ ബഹ്റൈൻ- തിരുവനന്തപുരം സർവിസും താളംതെറ്റി. ഇരുഭാഗത്തേക്കുമുള്ള യാത്രക്കാർക്ക് ഒരുദിവസം ദുരിതമയമായി മാറി.
തിരുവനന്തപുരത്തുനിന്ന് ഞായറാഴ്ച വൈകീട്ട് 5.30ന് പുറപ്പെട്ട് ബഹ്റൈനിൽ രാത്രി എട്ടിന് എത്തേണ്ട വിമാനമാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് പുറപ്പെട്ടത്.
സാങ്കേതിക തകരാറിനെത്തുടർന്നാണ് വിമാനം വൈകുന്നതെന്നാണ് അധികൃതർ അറിയിച്ചത്. പിന്നീട് തിങ്കളാഴ്ച രാവിലെ 10.30ന് പുറപ്പെടും എന്ന അറിയിപ്പ് നൽകി. തിങ്കളാഴ്ച യാത്രക്കാർ വിമാനത്തിൽ കയറിയതിനുശേഷം എയർ കണ്ടീഷൻ പ്രവർത്തിക്കാത്തതിനെത്തുടർന്ന് തിരിച്ചിറക്കി. പിന്നീട് തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകീട്ട് അഞ്ചിനു പുറപ്പെടും എന്ന അറിയിപ്പ് നൽകി. തിരുവനന്തപുരം-ബഹ്റൈൻ വിമാനം രാത്രി പത്തോടെയാണ് തിരുവനന്തപുരത്തേക്ക് തിരിച്ച് വിമാനം പുറപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചക്ക് 1.50ന് മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 12 മണിക്കൂർ വൈകി രാത്രി ഒരു മണിക്ക് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചത്. വിമാനം വൈകുന്നത് സംബന്ധിച്ച് പല യാത്രക്കാർക്കും നേരത്തേ വിവരം ലഭിച്ചിരുന്നില്ല.
കൃത്യസമയത്ത് പുറപ്പെടുമെന്ന ധാരണയിൽ എത്തിയ കുടുംബങ്ങൾ അടക്കമുള്ളവർ വിമാനത്താവളത്തിൽ ദീർഘനേരം കാത്തിരിക്കേണ്ട സാഹചര്യത്തിലായി. സ്ത്രീകളും കുട്ടികളും രോഗികളും അടങ്ങുന്ന യാത്രക്കാർ മുന്നറിയിപ്പില്ലാതെ യാത്ര മുടങ്ങിയതിനാല് ദുരിതത്തിലായി.
ശനിയാഴ്ച രാത്രി 8.45ന് ദുബൈയിൽനിന്ന് പുറപ്പെട്ട് ഞായറാഴ്ച പുലർച്ച 2.45ന് തിരുവനന്തപുരത്ത് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ.എക്സ് 544 വിമാനം അനിശ്ചിതമായി വൈകി.
സ്ത്രീകളും കുട്ടികളും അടങ്ങുന്ന 160 യാത്രക്കാർ ഇതോടെ ദുരിതത്തിലായി. സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി പിന്നീട് റദ്ദാക്കുകയും ചെയ്തു. 50 സ്ത്രീകളും 20 കുട്ടികളും അടങ്ങുന്ന 160 യാത്രക്കാരിൽ നിക്കാഹിനും വിവാഹനിശ്ചയത്തിനും എത്തേണ്ടവർ ഉണ്ടായിരുന്നു. റദ്ദാക്കിയ വിമാനം തിങ്കളാഴ്ച പുലർച്ചയാണ് പിന്നീട് പുറപ്പെട്ടത്.
വെള്ളിയാഴ്ച കോഴിക്കോട്-കുവൈത്ത്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് സമക്രമം തെറ്റിയതിനൊപ്പം യാത്രക്കാരെ മൂന്നു മണിക്കൂർ വിമാനത്തിൽ കുരുക്കി. കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്ക് വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടേണ്ട വിമാനം 11നാണ് പുറപ്പെട്ടത്.
ഇതിനാൽ കുവൈത്തിൽനിന്ന് 12.20നുള്ള വിമാനം ഉച്ചകഴിഞ്ഞ് 2.16നും റീഷെഡ്യൂൾ ചെയ്തു. തുടർന്ന് കുവൈത്ത്-കോഴിക്കോട് യാത്രക്കാരെ രണ്ടുമണിയോടെ വിമാനത്തിൽ കയറ്റുകയും ചെയ്തു. എന്നാൽ, വിമാനം റൺവേയിൽ കുറച്ചു നേരം ഓടിയശേഷം സാങ്കേതിക തകരാർ മൂലം നിർത്തി. പിന്നീട് അഞ്ചുമണിക്കാണ് വിമാനം പുറപ്പെട്ടത്. ഇതോടെ മൂന്നു മണിക്കൂറാണ് യാത്രക്കാർ വിമാനത്തിൽ കുടുങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിൽനിന്ന് ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 773 വിമാനം പുറപ്പെട്ടത് മണിക്കൂറുകൾ വൈകി. ശനിയാഴ്ച രാത്രി 7.40ന് കണ്ണൂരിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഞായറാഴ്ച രാവിലെ 6.30നാണ് പറന്നുയർന്നത്. വിമാനം പുലർച്ച രണ്ടു മണിയോടുകൂടി മാത്രമേ പുറപ്പെടൂവെന്ന അറിയിപ്പാണ് യാത്രക്കാർക്ക് ലഭിച്ചിരുന്നത്. എന്നാൽ, പിന്നെയും വൈകി ഞായറാഴ്ച രാവിലെയാണ് പുറപ്പെട്ടത്.
ഇതോടെ രാത്രി 9.20ന് ദോഹയിൽ എത്തേണ്ട വിമാനം എത്തിയത് പിറ്റേന്ന് രാവിലെ 8.10ന്. വിമാനം ദോഹയിൽ എത്താൻ വൈകിയതു കാരണം തിരിച്ചുള്ള യാത്രയും വൈകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.