കുവൈത്ത് സിറ്റി: എയർ കേരളക്ക് സർവിസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ പ്രവാസികളും പ്രതീക്ഷയിൽ. രൂക്ഷമായ യാത്രാപ്രശ്നത്തിനും ടിക്കറ്റ് നിരക്ക് വർധനവിനും പരിഹാരമാകും എന്ന ശുഭ പ്രതീക്ഷയോടെയാണ് കുവൈത്തിൽ അടക്കമുള്ള പ്രവാസി സമൂഹം പുതിയ വാർത്തയെ വരവേൽക്കുന്നത്. ദുബൈയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സെറ്റ്ഫ്ലൈ ചെയർമാനും പ്രമുഖ പ്രവാസി വ്യവസായിയുമായ അഫി അഹമ്മദ് യു.പി.സിയാണ് എയർ കേരളക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച കാര്യം വ്യക്തമാക്കിയത്.
ആദ്യഘട്ടത്തിൽ ആഭ്യന്തര സർവിസ് തുടങ്ങുന്നതിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ എൻ.ഒ.സി ലഭിച്ചിട്ടുള്ളത്. വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയർത്തി വിദേശ രാജ്യങ്ങളിലേക്ക് സർവിസുകൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. അന്താരാഷ്ട്ര സർവിസിനുള്ള നിബന്ധനകളിൽ കേന്ദ്ര സർക്കാർ ഇളവു നൽകിയാൽ പ്രതീക്ഷിക്കുന്നതിലും വേഗത്തിൽ ഇത്തരം സർവിസുകൾ ആരംഭിക്കാനുമാകും. ഇത് മലയാളി പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും. നേരേത്ത കേരള സർക്കാർ പ്രത്യേക താൽപര്യമെടുത്ത് ‘എയര്‍ കേരള’ വിമാന സർവിസിന് പദ്ധതി തയാറാക്കിയിരുന്നു.
ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു ഒരു സംസ്ഥാനം ഇത്തരം ഒരു പദ്ധതി മുന്നോട്ടുവെക്കുന്നത്. 2013 ഏപ്രിൽ 14ന് വിഷുദിനത്തിൽ കേരളത്തിന്റെ ‘സ്വന്തം വിമാനം’ തുടങ്ങുമെന്ന പ്രഖ്യാപനവും വന്നു. പ്രവാസി സമൂഹം വലിയ പ്രതീക്ഷയോടെ കാത്തിരുന്ന വാർത്തയായിരുന്നു ഇത്. എന്നാൽ, പദ്ധതി നീണ്ടുപോയി. ഏറെ വൈകാതെ പ്രതീക്ഷകൾ നിലക്കുകയും ചെയ്തു.വർഷങ്ങൾക്കുശേഷം മലയാളി വ്യവസായികളുടെ നേതൃത്വത്തിൽ എയർകേരളക്ക് വീണ്ടും ചിറകു മുളക്കുമ്പോൾ പഴയ പ്രതീക്ഷകൾ പ്രവാസികളിൽ ഉണരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.