കുവൈത്ത് സിറ്റി: അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ കുവൈത്ത് സോക്കർ ക്ലബിനെ പരാജയപ്പെടുത്തി അൽ അറബി ജേതാക്കളായി. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു വിജയം. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ ഒഴിഞ്ഞ ഗാലറിയായിരുന്നെങ്കിലും ആവേശകരമായ മത്സരമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. അൽ അറബിയുടെ പതിനാറാമത് കിരീടമാണിത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു. തുടർന്ന് എക്സ്ട്രാ ടൈമിലായിരുന്നു അൽ അറബിയുടെ വിജയം.
26ാം മിനിറ്റിൽ അബ്ദുല്ല അൽ ബുറൈക്കിലൂടെ കുവൈത്ത് സോക്കർ ക്ലബാണ് ആദ്യം ലീഡ് നേടിയത്. ഗോൾ മടക്കാനുള്ള ശ്രമം ആദ്യപകുതിയിൽ വിജയത്തിലെത്തിക്കാൻ അൽ അറബിക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ രണ്ടും കൽപിച്ച് ഇറങ്ങിയ അൽ അറബി അതിനു ഫലവും കണ്ടെത്തി. 66 മിനിറ്റിൽ സ്റ്റാർ സ്ട്രൈക്കർ സെഡ്രിക് ഹെൻട്രിയിലൂടെയാണ് സമനില ഗോൾ നേടിയത്. പിന്നീട് ഇരുടീമുകളും സ്വന്തം വല അനങ്ങാതിരിക്കാൻ ജാഗ്രത പുലർത്തിയപ്പോൾ കളി അൽപം വിരസമായി. ഇടക്കുണ്ടായ ഒറ്റപ്പെട്ട നീക്കങ്ങൾ ഗോളിൽ എത്തിയതുമില്ല. എക്സ്ട്രാ ടൈമിെൻറ അവസാന മിനിറ്റിലാണ് അൽ അറബിയുടെ വിജയഗോൾ. സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങിയ അലി ഖലഫ് ആണ് വിജയശിൽപി. പിന്നീട് ഗോൾ മടക്കാൻ കുവൈത്ത് സോക്കർ ക്ലബിന് സമയമുണ്ടായിരുന്നില്ല. കോവിഡ് പ്രതിസന്ധിക്കുശേഷം കായിക പ്രവർത്തനങ്ങൾ ആരംഭിച്ചതിനെ തുടർന്നുള്ള ആദ്യ പ്രധാന ടൂർണമെൻറായിരുന്നു അമീർ കപ്പ് ഫുട്ബാൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.