കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുമുതൽ വെട്ടിച്ചവർ ആരായാലും ശിക്ഷയിൽനിന്ന് രക്ഷപ്പെടില്ലെന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ഏഴുമണിക്ക് പൊതുജനത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസ്താവനയിലാണ് അമീർ ഇക്കാര്യം പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ട ഫയൽ തെൻറ നേരിട്ടുള്ള നിരീക്ഷണത്തിലാണെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലെ ചർച്ചകളിൽനിന്ന് മാധ്യമങ്ങളും പൊതുജനവും വിട്ടുനിൽക്കണമെന്നും അമീർ അഭ്യർഥിച്ചു. അഴിമതി വെച്ചുപൊറുപ്പിക്കില്ല. പൊതുമുതൽ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണ്. അഴിമതിക്കേസിൽ കുറ്റക്കാരായവർ എത്ര ഉന്നതരായാലും ശിക്ഷയിൽനിന്ന് മുക്തരാവില്ല.
കുവൈത്ത് ഭരണഘടനപ്രകാരം എല്ലാ പൗരന്മാരും അവകാശത്തിെൻറയും ഉത്തരവാദിത്തത്തിെൻറയും അന്തസ്സിെൻറയും കാര്യത്തിൽ തുല്യരാണ്. രാജ്യത്ത് കോടതികൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. കേസിൽ കോടതി അന്തിമ തീർപ്പ് കൽപിക്കും വരെ മാധ്യമങ്ങൾ ചർച്ചകളിൽനിന്ന് വിട്ടുനിൽക്കണം. ജനങ്ങൾ കുവൈത്തിെൻറ സംസ്കാരം ഉയർത്തിപ്പിടിക്കണം. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തുന്നതുവരെ ആർക്കെതിരെയും ആരോപണം ഉന്നയിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യരുത്.
അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണ്. എന്നാൽ, രാജ്യസുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഒന്നും അനുവദിക്കില്ല. രാജ്യത്തിെൻറ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ പൗരന്മാർ ഉത്തരവാദിത്തബോധത്തോടെയും ഒരുമയോടെയും നിലകൊള്ളണം. നമ്മുടെ പൊതുലക്ഷ്യത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ അനധികൃതമായി സംഘടിക്കരുതെന്നും അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കൂട്ടിച്ചേർത്തു. പുതിയ സർക്കാർ കുവൈത്തി ജനതയുടെ താൽപര്യം സംരക്ഷിക്കുമെന്നും പാർലമെൻറും സർക്കാറും ജനങ്ങളും ഒരുമയോടെ നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും അമീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.