കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി. നീട്ടിയ കാലാവധിയടക്കം രണ്ടര മാസം പിന്നിട്ടിട്ടും മൂന്നിൽ രണ്ടുഭാഗം അനധികൃത താമസക്കാർ ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. ആഭ്യന്തരമന്ത്രാലയത്തിെൻറ കണക്കനുസരിച്ച് പൊതുമാപ്പ് പ്രഖ്യാപിക്കുമ്പോൾ 1,54,000 വിദേശികളാണ് അനധികൃത ഗണത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞദിവസത്തെ കണക്കുപ്രകാരം പൊതുമാപ്പ് പ്രഖ്യാപിച്ച ശേഷം 32,000 പേർ രാജ്യം വിട്ടു. മൊത്തം താമസനിയമലംഘകരുടെ 33 ശതമാനം വരുമിത്. ബ്ലാക്ലിസ്റ്റിൽ പെടുത്താത്തതിനാൽ പുതിയ വിസയിൽ വീണ്ടും കുവൈത്തിലേക്ക് വരുന്നതിന് ഇക്കൂട്ടർക്ക് തടസ്സമുണ്ടാകില്ല. 19,500 വിദേശികൾ പിഴയടച്ച് താമസം നിയമവിധേയമാക്കിയതായും ആഭ്യന്തരമന്ത്രാലയത്തിെൻറ അവലോകന റിപ്പോർട്ട് വ്യക്തമാക്കുന്നു.
പിഴയിനത്തിൽ 1.170 മില്യൻ ദീനാറാണ് രണ്ടരമാസത്തിനുള്ളിൽ ഖജനാവിലേക്ക് എത്തിയത്. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ മുന്നോട്ടുവരാത്തവരായി ഒരു ലക്ഷത്തിനുമേൽ ആളുകൾ ഇനിയുമുണ്ട്. ഏപ്രിൽ 22 വരെയാണ് പൊതുമാപ്പിെൻറ കാലാവധി. താമസനിയമങ്ങൾ ലംഘിച്ചു കഴിയുന്ന മുഴുവൻ വിദേശികളും ഇളവുകാലം അവസാനിക്കുന്നതിനുമുമ്പ് രാജ്യം വിടുകയോ പിഴയടച്ച് രേഖകൾ ശരിയാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു. ഇളവുകാലം കഴിഞ്ഞാൽ അനധികൃത താമസക്കാർക്കായി ശക്തമായ പരിശോധനകൾ ഉണ്ടാകുമെന്നും പിടികൂടുന്നവരെ വിരലടയാളം രേഖപ്പെടുത്തി നാടുകടത്തുമെന്നുമാണ് പൊലീസിെൻറ മുന്നറിയിപ്പ്.
കുവൈത്തിലേക്കു മാത്രമല്ല, ജി.സി.സിയിൽ ഒരിടത്തേക്കും ഇത്തരക്കാർക്ക് പിന്നീട് ജോലി ചെയ്യാൻ വരാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2011ലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്നുമാസത്തേക്ക് അനുവദിച്ച അന്നത്തെ പൊതുമാപ്പിൽ അനധികൃത താമസക്കാരില്‍ 25 ശതമാനം പേർ മാത്രമാണ് ഇളവു പ്രയോജനപ്പെടുത്തിയത്. ഇത്തവണ അതിനേക്കാൾ വർധനയുണ്ടെങ്കിലും 40 ശതമാനം പോലും എത്തില്ലെന്നാണ് ഇതുവരെയുള്ള കണക്ക്. കാരണം, താമസകാര്യവകുപ്പ് ഒാഫിസിലും എംബസികളിലും ഇപ്പോൾ പൊതുമാപ്പുമായി ബന്ധപ്പെട്ട് തിരക്കൊന്നുമില്ല. ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസനിയമലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചത്. അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് രേഖകൾ ശരിയാക്കാനും 25 ദിവസമാണ് ആദ്യം അനുവദിച്ചിരുന്നത്.
വിവിധ എംബസികളുടെ അഭ്യർഥനയെ തുടർന്ന് ഇത് പിന്നീട് രണ്ടുമാസം കൂടി നീട്ടിനൽകുകയായിരുന്നു. ആദ്യ ദിവസങ്ങളിലെ ആവേശം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിൽ ഇപ്പോൾ കാണുന്നില്ല. ഏപ്രിൽ 22 കഴിഞ്ഞാൽ രാജ്യത്തിെൻറ മുക്കുമൂലകളിൽ പഴുതടച്ചുള്ള പരിശോധനയുണ്ടാവുമെന്നും എവിടെയും ഒളിച്ചുകഴിയാൻ അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഒരുകാരണവശാലും ഇനി പൊതുമാപ്പ് കാലം നീട്ടിനൽകില്ലെന്നും അധികൃതർ അറിയിച്ചു. 27,000 ഇന്ത്യക്കാർ അനധികൃത താമസക്കാരായി രാജ്യത്തുകഴിയുന്നുണ്ടെന്നാണ് കണക്ക്. ഇവരിൽ പകുതിയും പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.