കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പ് ഞായറാഴ്ച അവസാനിക്കും. രാജ്യത്തു താമസരേഖകൾ ഇല്ലാതെ കഴിയുന്ന മുഴുവൻ വിദേശികളും ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് താമസകാര്യ വകുപ്പ് അവസാന വട്ടവും അഭ്യർഥിച്ചു. ഞായറാഴ്ച മുതൽ അനധികൃത താമസക്കാർക്കായി പരിശോധന ശക്തമാക്കും. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എത്തുന്നവർക്കായി താമസകാര്യ വകുപ്പ് ആസ്ഥാനത്ത് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവധിദിനങ്ങളിലും സേവനം ലഭ്യമായിരിക്കും. നിയമലംഘകർക്കു പിഴയടച്ച് താമസം നിയമാനുസൃതമാക്കുകയോ അല്ലെങ്കിൽ പിഴ കൂടാതെ നാട്ടിലേക്ക് തിരിച്ചുപോകുകയോ ചെയ്യാം.
ഇളവുകാലം അവസാനിക്കുന്ന ഞായറാഴ്ച മുതൽ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കുമെന്നും അധികൃതർ സൂചന നൽകി.
താമസകാര്യ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 1,54,000 അനധികൃത താമസക്കാരാണ് പൊതുമാപ്പ് പ്രഖ്യാപിക്കുമ്പോൾ രാജ്യത്തുണ്ടായിരുന്നത്. അമ്പതിനായിരത്തിൽപരം ആളുകളാണ് പൊതുമാപ്പിെൻറ ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. ഏഴുവർഷത്തെ ഇടവേളക്കുശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസ നിയമ ലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചത്.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്നും പരിശോധനയിൽ പിടിക്കപ്പെടുന്നവരെ തിരിച്ചുവരാൻ കഴിയാത്ത വിധം ഫിംഗർ പ്രിൻറ് എടുത്തു നാടുകടത്തുമെന്നും അധികൃതർ വ്യക്തമാക്കി. എംബസികളുടെയും താമസകാര്യ വകുപ്പിെൻറയും മുന്നറിയിപ്പ് അവഗണിച്ച് ഇവിടെത്തന്നെ തുടരുകയായിരുന്നു താമസനിയമലംഘകരിൽ മൂന്നിൽ രണ്ടു ഭാഗവും. 27,000 ഇന്ത്യക്കാർ അനധികൃത താമസക്കാരായി രാജ്യത്തുകഴിയുന്നുണ്ടെന്നാണ് കണക്ക്. ഇവരിൽ പകുതി മാത്രമേ ഇളവ് ഉപയോഗിച്ചുള്ളൂ. അടുത്തൊന്നും ഇനി പൊതുമാപ്പ് ഉണ്ടാവാനിടയില്ല. രാജ്യത്തിെൻറ മുക്കുമൂലകളിൽ വ്യാപക പരിശോധന നടത്തി മുഴുവൻ അനധികൃത താമസക്കാരെയും പിടികൂടി കയറ്റിയയക്കുകയാണ് അധികൃതർ ചെയ്യുക.പൊതുമാപ്പ് പ്രഖ്യാപിച്ചതിനുശേഷം നിർത്തിവെച്ച പരിശോധന കഴിഞ്ഞദിവസങ്ങളിൽ ചെറിയ തോതിൽ പുനരാരംഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഇത് ശക്തിപ്പെടുത്തും. താമസ നിയമലംഘകരായ ഒരാളെയും രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്നാണ് ആഭ്യന്തര വകുപ്പ് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.