കുവൈത്ത് സിറ്റി: കുവൈത്തിൽ താമസരേഖകൾ ഇല്ലാതെ കഴിയുന്ന വിദേശികൾക്കായി പ്രഖ്യാപിച്ച പൊതുമാപ്പ് കാലം അവസാനിച്ചു. ഏഴുവർഷത്തെ ഇടവേളക്കുശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസനിയമലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചത്. അനധികൃത താമസക്കാർക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് രേഖകൾ ശരിയാക്കാനും 25 ദിവസമാണ് ആദ്യം അനുവദിച്ചിരുന്നത്. വിവിധ എംബസികളുടെ അഭ്യർഥനയെ തുടർന്ന് ഇത് പിന്നീട് രണ്ടുമാസം കൂടി നീട്ടിനൽകി. പൊതുമാപ്പ് പ്രഖ്യാപിക്കുേമ്പാൾ 1,54,000 പേരാണ് ഇഖാമയില്ലാതെ കഴിഞ്ഞിരുന്നത്. ഇതിൽ ഒരു ലക്ഷത്തിന് മുകളിൽ ആളുകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
27,000 ഇന്ത്യക്കാരാണ് അനധികൃത താമസക്കാരായി രാജ്യത്തുകഴിഞ്ഞിരുന്നത്. ഇതിൽ ഏകദേശം 15,000 പേർ നാട്ടിലേക്ക് തിരിച്ചുപോവുകയും 5000 പേർ പിഴയടച്ച് താമസം നിയമവിധേയമാക്കുകയും ചെയ്തു. പാസ്പോർട്ട് കൈവശമില്ലാത്തവർക്കായി 11,000 ഒൗട്ട്പാസുകളാണ് ഇന്ത്യൻ എംബസി വിതരണം ചെയ്തത്. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എത്തുന്നവർക്കായി താമസകാര്യ വകുപ്പ് ആസ്ഥാനത്ത് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിരുന്നു. പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായി ഹെൽപ് ഡെസ്കുകളും പ്രവർത്തിച്ചു. എംബസി ജീവനക്കാരും ഉൗർജസ്വലതയോടെ രംഗത്തിറങ്ങി. വലിയ പരിശോധനകളും ബുദ്ധിമുട്ടിക്കലും ഇല്ലാതെയാണ് പൊതുമാപ്പ് കാലത്ത് തിരിച്ചുപോവുന്നവരെ കുവൈത്ത് അധികൃതരും കൈകാര്യം ചെയ്തത്. വിമാനത്താവളത്തിലും വലിയ ചോദ്യംചെയ്യലും ബുദ്ധിമുട്ടിക്കലും ഉണ്ടായില്ല. ചെറിയ സാേങ്കതിക പ്രശ്നങ്ങൾ അധികൃതർ കണ്ണടച്ചു. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കും സാമ്പത്തിക ബാധ്യതാ കേസുകൾ ഉള്ളവർക്കും മാത്രമാണ് തടസ്സം നേരിട്ടത്.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോയവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് തിരിച്ചുവരുന്നതിനും തടസ്സമൊന്നുമില്ല. 2011ലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. മൂന്നു മാസത്തേക്ക് അനുവദിച്ച അന്നത്തെ പൊതുമാപ്പിൽ അനധികൃത താമസക്കാരില്‍ 25 ശതമാനം പേർ മാത്രമാണ് പ്രയോജനപ്പെടുത്തിയത്. ഇനിയും രാജ്യത്ത് തുടരുന്ന അനധികൃത താമസക്കാരെ പിടികൂടാനായി ആഭ്യന്തര വകുപ്പ് പരിശോധന ശക്തമാക്കും. കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതിൽ ആരംഭിച്ച പരിശോധന വരുംദിവസങ്ങളിൽ ശക്തമാക്കും. മുക്കുമൂലകൾ അരിച്ചുപെറുക്കുമെന്നും നിയമവിധേയമായല്ലാതെ ഒരാളെയും രാജ്യത്ത് വെച്ചുപൊറുപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.