കുവൈത്ത് സിറ്റി: താമസ നിയമലംഘകർക്ക് ‘പൊതുമാപ്പ്’ നൽകുന്ന പദ്ധതി സർക്കാർ പരിഗണിക്കുന്നു. ഈ മാസം മുതൽ മേയ് അവസാനംവരെ താമസ നിയമലംഘകർക്ക് രാജ്യം വിടാൻ അനുവദിക്കും. ഇത്തരക്കാർക്ക് നിയമപരവും അംഗീകൃതവുമായ മാർഗങ്ങളിലൂടെ കുവൈത്തിലേക്ക് മടങ്ങാൻ വിസക്ക് അപേക്ഷിക്കാമെന്നും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അസ്സബാഹ് വ്യക്തമാക്കി.
താമസ നിയമലംഘകർ ‘മാപ്പ്’ കാലയളവ് പ്രയോജനപ്പെടുത്തണമെന്നും അല്ലെങ്കിൽ കുവൈത്തിൽ നാടുകടത്തൽ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരക്കാർക്ക് പിന്നീട് കുവൈത്തിലേക്ക് മടങ്ങിവരാനാകില്ല.
കുവൈത്ത് ന്യൂസ് ഏജൻസി (കുന) ഡയറക്ടർ ജനറൽ ഡോ. ഫാത്മ അൽ സാലിമുമായുള്ള അഭിമുഖത്തിനിടെ അനധികൃത താമസക്കാരുടെ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുനരാരംഭിച്ച സന്ദർശക വിസകൾ വഴി 100,000 മുതൽ 200,000 വരെ സന്ദർശകരെ രാജ്യം പ്രതീക്ഷിക്കുന്നതായും ഇത് രാജ്യത്തെ സമ്പദ്വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കർശനമായ നിയന്ത്രണങ്ങളിലൂടെ എൻട്രി വിസകൾ അനുവദിച്ച് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തും. ഈ രാജ്യവും സംസ്കാരവും എത്ര മനോഹരമാണെന്ന് കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കുവൈത്ത് സന്ദർശിക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
വിവേചനമോ പക്ഷപാതിത്വമോ ഇല്ലാതെ എല്ലാവർക്കുമായി നിയമം നീതിപൂർവം നടപ്പിലാക്കാൻ ലക്ഷ്യമിട്ടുള്ള, നന്നായി ആസൂത്രണം ചെയ്തതും കർശനവുമായ കാഴ്ചപ്പാടാണ് പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങൾ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മയക്കുമരുന്ന് പ്രതിരോധം, ട്രാഫിക് നിയമങ്ങൾ വികസിപ്പിക്കൽ, സൈനിക സേവനം എന്നിവയിൽ വരും കാലയളവിൽ ശ്രദ്ധകേന്ദ്രീകരിക്കും. മയക്കുമരുന്ന് കടത്തിനെതിരെ പോരാടുന്നതിന് ജി.സി.സി രാജ്യങ്ങളുമായി മികച്ച സഹകരണമുണ്ട്. പുതിയ ട്രാഫിക് കരട് നിയമം ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനത്തിൽ ചർച്ച ചെയ്ത് അംഗീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.