കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം വിദേശികളിൽനിന്ന് ഉൾപ്പെടെ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഇംഗ്ലീഷ്, ഫ്രഞ്ച്, മാത്സ്, കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ജിയോളജി, മ്യൂസിക് (വനിതകൾ മാത്രം) എന്നീ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്.
മ്യൂസിക് ഒഴികെ വിഷയങ്ങളിൽ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയും രണ്ട് വർഷമെങ്കിലും പരിചയ സമ്പത്തും ആവശ്യമാണ്. ഗവേഷണ ബിരുദമുള്ളവർക്ക് പരിചയ സമ്പത്തിൽ ഇളവ് അനവദിക്കും.
കുവൈത്തി വനിതകളുടെ വിദേശി ഭർത്താവിലുള്ള മക്കൾ, ബിദൂനികളുടെ മക്കൾ, ജി.സി.സി പൗരന്മാരുടെ മക്കൾ, മറ്റു വിദേശികൾ എന്നീ ക്രമത്തിലാണ് മുൻഗണന ലഭിക്കുക. കുവൈത്തിൽ ഇഖാമയുള്ളവരെയാണ് നിയമിക്കുക. വിസിറ്റ് വിസ/ എൻട്രി വിസക്കാരുടെ അപേക്ഷ സ്വീകരിക്കില്ല. വർക്ക് പെർമിറ്റ് അധ്യാപക തസ്തികയിൽ തന്നെ ആകണം. സ്വകാര്യ സ്കൂൾ അധ്യാപകർക്ക് അപേക്ഷിക്കണമെങ്കിൽ സ്പോൺസറുടെ അനുമതി വേണം. www.moe. edu.kw എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. സെപ്റ്റംബറിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുേമ്പാൾ സ്കൂളുകളിൽ അധ്യാപക ക്ഷാമം നേരിടും. ഒാൺലൈൻ ക്ലാസുകൾ കാരണം കഴിഞ്ഞ അധ്യയന വർഷത്തിൽ അധ്യാപകരുടെ കുറവ് പ്രശ്നവുമുണ്ടാക്കിയില്ല. ലോക്കൽ റിക്രൂട്ട്മെൻറിലൂടെ ക്ഷാമം പരിഹരിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം ശ്രമിക്കുന്നത്. ലോക്കൽ റിക്രൂട്ട്മെൻറിലൂടെ അധ്യാപക ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രത്യേക റിക്രൂട്ട്മെൻറ് നടത്താനും വിസ പുതുക്കാൻ കഴിയാത്തവർക്ക് എൻട്രി വിസ നൽകുന്നതിലൂടെ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന അധ്യാപകരെ തിരികെ കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്.
രാജ്യത്ത് പുതിയ വിസ നൽകിത്തുടങ്ങിയിട്ടില്ല. അധ്യാപകരുടെ വിഷയം പ്രത്യേകമായി പരിഗണിച്ചേക്കും. എൻട്രിവിസയിൽ വരാൻ അനുവദിച്ച് ഇവിടെ എത്തിയ ശേഷം ഇഖാമ പുതുക്കാൻ സൗകര്യമൊരുക്കുന്നതാണ് പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.