കുവൈത്ത് സിറ്റി: ഒരു വർഷത്തിലേറെയായി ഫലസ്തീനിൽ ഇസ്രായേൽ തുടരുന്ന അധിനിവേശവും വംശഹത്യയും മൂലം കഠിനമായ ദുരിതം നേരിടുന്നവർക്ക് ഭക്ഷ്യപദ്ധതിയുമായി കുവൈത്ത് സന്നദ്ധസംഘടന. കുവൈത്ത് സോഷ്യൽ റിഫോം സൊസൈറ്റിയുടെ കീഴിലുള്ള നമാ ചാരിറ്റി, വഫ മൈക്രോഫിനാൻസ് ആൻഡ് കപ്പാസിറ്റി ബിൽഡിങ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ‘അപ്പം’ വിതരണ പദ്ധതി. പട്ടിണി നിരക്ക് കുതിച്ചുയരുന്ന ഗസ്സയിൽ രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി.
ഫലസ്തീൻ ജനതയെ പിന്തുണക്കാനുള്ള കുവൈത്തിന്റെ മാനുഷിക ദൗത്യത്തിന്റെയും കുവൈത്ത് തുടരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഭാഗമായാണ് സഹായം. ഗസ്സയിലെ കുടുംബങ്ങൾക്ക് ആയിരക്കണക്കിന് റൊട്ടികൾ വിതരണം ചെയ്യുന്ന സംയുക്ത ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വഫയുടെ ഡയറക്ടർ മർവാൻ മുഹൈസൻ നമായുമായുള്ള പങ്കാളിത്തത്തെ അഭിനന്ദിച്ചു. ഗസ്സയിലെ കഠിനമായ സാഹചര്യത്തിൽ റൊട്ടി ലഭിക്കുന്നത് ദൈനംദിന വെല്ലുവിളിയായി മാറിയിട്ടുണ്ട്. കടുത്ത ഭക്ഷ്യക്ഷാമത്തിനിടയിലും ആറ് ദിവസമായി പദ്ധതി വഴി കുടുംബങ്ങൾക്ക് ഇവ നൽകുന്നുണ്ടെന്നും മുഹൈസൻ പറഞ്ഞു.
നിലവിലുള്ള പ്രതിസന്ധികൾക്കിടയിലും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രതിദിനം 500 ബൻഡ്ലുകൾ എന്ന നിരക്കിൽ 10,000 ബൻഡ്ൽ ബ്രെഡ് വിതരണം ചെയ്യാനാണ് ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 3,000 ബൻഡ്ലുകൾ ഇതിനകം വിതരണം ചെയ്തു.
തുടർച്ചയായ വംശഹത്യയും കർശന ഉപരോധവും കാരണം ഗസ്സയിലെ മാനുഷിക സാഹചര്യം കൂടുതൽ വഷളായികൊണ്ടിരിക്കുകയാണ്. തെക്കൻ ഗസ്സയിൽ ഇത് കടുത്ത ഭക്ഷ്യക്ഷാമത്തിന് കാരണമാകുന്നു. റൊട്ടിക്കായുള്ള ജനങ്ങളുടെ നീണ്ട വരികൾ ഇവിടെ കാണാം. ഇതിനാൽ ജനങ്ങളുടെ അതിജീവനത്തിനായി അവശ്യ ഭക്ഷണം നൽകുന്നതിന്റെ പ്രാധാന്യവും മുഹൈസെൻ ചൂണ്ടികാട്ടി. ഗസ്സക്കുള്ള ശക്തമായ പിന്തുണക്ക് കുവൈത്ത് നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും മുഹൈസൻ അഗാധമായ നന്ദി അറിയിച്ചു. നമായുടെ പങ്കാളിത്തം കുവൈത്ത് സഹായത്തെ പ്രതിഫലിപ്പിക്കുന്നതായും പറഞ്ഞു. ഗസ്സയിലെ ജനങ്ങളും കുവൈത്തിന്റെ ഉദാരമായ പിന്തുണക്കും മാനുഷിക നിലപാടിനും നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.