കുവൈത്ത് സിറ്റി: ഭരണാധികാരിയെന്ന നിലയില്‍ ഗവർണറും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയും കിരീടാവകാശിയും അമീറുമായി അരനൂറ്റാണ്ടിലേറെ കുവൈത്തില്‍ നിറഞ്ഞുനിന്ന ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് രാജ്യ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഭരണാധികാരിയായാണ് കണക്കാക്കപ്പെടുന്നത്.
ആധുനിക കുവൈത്തിനെ കെട്ടിപ്പടുക്കുന്നതിൽ മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഭരണകാലത്ത് കിരീടാവകാശി ആയിരുന്ന ശൈഖ് നവാഫ് ശക്തമായ പിന്തുണ നൽകി. വികസനത്തിലേക്കും സമൃദ്ധിയിലേക്കുമുള്ള യാത്ര തുടരാനുള്ള ശ്രമങ്ങളിൽ അന്നത്തെ അമീറിന്റെ ഏറ്റവും അടുത്ത സഹായിയായിരുന്നു ശൈഖ് നവാഫ്.
കോവിഡിന്റെയും എണ്ണ വിലയിടിവിന്റെയും അടക്കം വലിയ വെല്ലുവിളികൾക്കിടയിലാണ് ശൈഖ് നവാഫ് അമീർ പദവിയും പുതിയ ചുമതലയും ഏറ്റെടുത്തത്. എന്നാൽ, കിരീടാവകാശിയെന്ന നിലയിൽ ഒരു ദശകത്തിലേറെ നീണ്ട പ്രവർത്തനം അമീർ പദവിയിൽ ശൈഖ് നവാഫിന് ഗുണകരമായി.
14 വര്‍ഷത്തിലേറെ കിരീടാവകാശിയായിരുന്ന ശൈഖ് നവാഫ് കുവൈത്ത് രാജകുടുംബത്തിലെ തന്നെ കാരണവരാണ്. രാജ്യം പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറിയപ്പോഴെല്ലാം വിവിധ തലങ്ങളിലുള്ളവർക്ക് ശക്തമായ പിന്തുണയും പ്രോത്സാഹനവും അമീർ നൽകി.
വികസന കാര്യത്തില്‍ രാജ്യത്തെ തന്നെ മികച്ച കേന്ദ്രമായി ഹവല്ലി ഗവർണറേറ്റിനെ മാറ്റുന്നതില്‍ അദ്ദേഹത്തിന്റെ ഭരണകാലത്തിന് കഴിഞ്ഞു. ഇറാഖ് അധിനിവേശ കാലത്തും വിമോചന ശേഷവും രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിൽ മുൻനിരയിൽ നിന്നതും എന്നെന്നും ഓർമിക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.