കുവൈത്ത് സിറ്റി: കുവൈത്തും ഫിലിപ്പീന്‍സും തമ്മിലുള്ള ഗാർഹിക തൊഴിലാളി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇതിന്റെ ഭാഗമായി ഫിലിപ്പീന്‍സ് എംബസി ചാർജ് ഷർഷെ ദഫേ ജോസ് കബ്രേര, കുവൈത്ത് വിദേശകാര്യ സഹമന്ത്രി സമീഹ് എസ്സ ജോഹർ ഹയാത്തുമായി കൂടിക്കാഴ്ച നടത്തി. ഫിലിപ്പീന്‍സ് ഗാർഹിക തൊഴിലാളികളുടെ പ്രശ്നങ്ങളും സംയുക്ത സമിതി യോഗം ചേരുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.
നിലവിലുള്ള തൊഴിൽനിയമത്തിന്റെ പരിധിക്കകത്തുനിന്നുള്ള എല്ലാ സഹകരണവും കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഉറപ്പുനല്‍കി. അതേസമയം, ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് ഫിലിപ്പീന്‍സ് ഡിപ്പാർട്മെന്റ് ഓഫ് മൈഗ്രന്റ് വർക്കേഴ്സ് (ഡി.എം.ഡബ്ല്യ) പുറപ്പെടുവിച്ച തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ തൊഴില്‍ മേഖലകളിൽ ഫിലിപ്പീനോകളുടെ സേവനം പ്രശംസനീയമാണെന്നും പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാനുള്ള കുവൈത്തിന്റെ സന്നദ്ധതയും അദ്ദേഹം അറിയിച്ചു.
കുവൈത്തിലേക്ക് പുതുതായി ഗാര്‍ഹിക തൊഴില്‍ വിസയില്‍ വരുന്നവര്‍ക്കാണ് പുതിയ നിർദേശങ്ങള്‍ ബാധകമെന്നും നിലവിലെ വീട്ടുജോലിക്കാര്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ജോസ് എ കബ്രേര വ്യക്തമാക്കി. വിദേശത്തെ ഫിലിപ്പീന്‍സ് ഗാർഹിക തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷക്കുമായുള്ള നിർദേശങ്ങള്‍ ഡി.എം.ഡബ്ല്യു പരിഗണനയിലുണ്ടെന്നും ജോസ് പറഞ്ഞു. ഫിലിപ്പീൻസും കുവൈത്തും തമ്മിലുള്ള സൗഹൃദം ചരിത്രപരമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു.
ഗാർഹിക തൊഴിലാളി കൊല്ലപ്പെട്ടതിനെ തുടർന്ന് കുവൈത്തിലേക്ക് തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീൻസ് താല്‍ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളി 35കാരിയായ ജുലേബി റണാരയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ സാൽമി മരുഭൂമിയിൽ കണ്ടെത്തുകയായിരുന്നു. പിറകെ, തൊഴിലുടമയുടെ 17 വയസ്സുള്ള മകൻ കൊലക്കുറ്റത്തിന് അറസ്റ്റിലായി.
സംഭവത്തെ വിദേശകാര്യ മന്ത്രി ശൈഖ് സലീം അപലപിക്കുകയും യുവതിയുടെ കുടുംബത്തോടും ഫിലിപ്പീൻസ് സർക്കാറിനോടും അനുശോചനം അറിയിക്കുകയും ഉണ്ടായി. പ്രവാസി തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുമെന്ന് മന്ത്രി ശൈഖ് സലീം വ്യക്തമാക്കി. ഫിലിപ്പീൻസ് ഷർഷെ ദഫേ ജോസ് കബ്രേരയുമായി വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് കൂടിക്കാഴ്ച നടത്തുകയുമുണ്ടായി. എന്നാൽ, കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് താല്‍ക്കാലികമായി വിലക്കിയതായി ഫിലിപ്പീൻ കുടിയേറ്റ തൊഴിൽ മന്ത്രി സൂസൻ ഒപ്ലെ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
അതേസമയം, ഫിലിപ്പീൻസ് ഗാർഹിക തൊഴിലാളി പ്രതിസന്ധി പരിഹരിക്കാൻ ശ്രീലങ്കയിൽനിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ കുവൈത്ത് പദ്ധതിയിടുന്നതായി അൽ ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു. പ്രതിസന്ധിയെതുടർന്ന് പ്രതിദിനം രണ്ടിനും മൂന്നിനും ഇടയിൽ ഫിലിപ്പീനോകൾ രാജ്യം വിടുന്നുണ്ടെന്ന് റിക്രൂട്ട്മെന്റ് ഓഫിസുകൾ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.