കുവൈത്ത് സിറ്റി: ഫലസ്തീനിൽ നിന്ന് കുടിയിറക്കപ്പെട്ടവർ താമസിക്കുന്ന റഫയിലെ കൂടാരങ്ങൾക്ക് നേരെ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ നടപടികൾ നഗ്നമായ യുദ്ധക്കുറ്റങ്ങളും കുറ്റകരമായ വംശഹത്യയും തുറന്നുകാണിക്കുന്നതാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
റഫക്കെതിരായ ആക്രമണം ഉടനടി അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ ജനതയെ സംരക്ഷിക്കുന്നതിനുമുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയും അന്താരാഷ്ട്ര പ്രമേയങ്ങളും ഉടനടി നടപ്പാക്കണം. നിയമങ്ങൾ പാലിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തരവും ഉറച്ചതുമായ ഇടപെടൽ കുവൈത്ത് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പശ്ചിമ റഫയിൽ അഭയാർഥികൾ താമസിക്കുന്ന മേഖലയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 40 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഗസ്സയിലെ മറ്റിടങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുടിയിറക്കപ്പെട്ടവരാണ് റഫയിൽ ടെന്റുകളിൽ താമസിക്കുന്നത്. ഇവർക്ക് നേരെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.