കുവൈത്ത് സിറ്റി: ചെറിയ ഒരു ഉപകാരമല്ലേ എന്നു കരുതി അജ്ഞാതരെ സഹായിക്കാനും എന്തെന്ന് ഉറപ്പില്ലാത്ത വസ്തുക്കൾ കൈപറ്റാനും തുനിയുന്നവർ ഒരുനിമിഷം ചിന്തിക്കുക. നിങ്ങൾ അറിയാതെ ആണെങ്കിലും, സഹായിക്കുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയെ ആണെങ്കിൽ നടപടികൾ നേരിടേണ്ടിവരും. കുവൈത്തിൽ മറ്റൊരാളെ സഹായിക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ ടാക്സി ഡ്രൈവർ അടുത്തിടെ ഇത്തരം വലിയ കുരുക്കിൽ അകപ്പെട്ടു. രണ്ടു മാസത്തോളം നീണ്ട നടപടികൾക്കുശേഷം കഴിഞ്ഞ ദിവസമാണ് നിരപരാധിയായ ഇദ്ദേഹത്തിന് നിയമനടപടികളിൽനിന്ന് മോചിതനായി നാട്ടിലേക്ക് തിരിക്കാനായത്.
20 വർഷത്തോളമായി കുവൈത്തിൽ ടാക്സി ഡ്രൈവറായി ജോലിചെയ്യുന്ന വളാഞ്ചേരി സ്വദേശിയാണ് ജോലിക്കിടെ അറിയാതെ നിയമക്കുരുക്കിൽ അകപ്പെട്ടത്. ഫെബ്രുവരി ആറിനായിരുന്നു സംഭവം. ജോലിക്കിടെ സ്ഥിരം കസ്റ്റമറായ ബംഗ്ലാദേശ് സ്വദേശി ഇദ്ദേഹത്തെ ഫോണിൽ വിളിച്ച് ഹദിയയിലെ വീട്ടിൽനിന്ന് ഒരു മരുന്ന് മെഹബൂലയിൽ എത്തിക്കാനാകുമോ എന്ന് അന്വേഷിച്ചു. ബംഗ്ലാദേശ് സ്വദേശിയെ നേരത്തേ അറിയുന്നതിനാൽ ടാക്സിയിൽ ഹദിയയിൽ എത്തി അദ്ദേഹത്തിന്റെ ഭാര്യയിൽനിന്ന് സാധനം വാങ്ങി. മെഹബൂലയിലേക്ക് തിരിച്ചു. അവിടെ ഒരാൾ എത്തി വസ്തു കൈപറ്റുമെന്നായിരുന്നു ആ സമയം നാട്ടിലായിരുന്ന ബംഗ്ലാദേശ് സ്വദേശി പറഞ്ഞിരുന്നത്.
എന്നാൽ, കാറുമായി മെഹബൂലയിൽ എത്തിയതിനു പിറകെ സി.ഐ.ഡി ഇദ്ദേഹത്തെ പിടികൂടി കാറിലുള്ള വസ്തു പിടിച്ചെടുത്തു. നിരോധിത വസ്തുവായ അബോർഷൻ ഗുളികയാണ് പാക്കറ്റിൽ എന്ന് അപ്പോഴാണ് വളാഞ്ചേരി സ്വദേശിക്ക് മനസ്സിലായത്. പാക്കറ്റിൽ നിന്ന് 25 ഗുളികകൾ പൊലീസ് കണ്ടെടുത്തു. ഈ സമയം സാധനം വാങ്ങാനെത്തിയ ആൾ രക്ഷപ്പെടുകയും ചെയ്തു. ഇതോടെ വളാഞ്ചേരി സ്വദേശിക്ക് തന്റെ നിരപരാധിത്തം തെളിയിക്കാനായില്ല. തുടർന്ന് അദ്ദേഹത്തെ അബൂഹലീഫ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ബംഗ്ലാദേശ് സ്വദേശി സ്ഥലത്തില്ലാത്തതിനാൽ ആ നിലക്കും ശ്രമം നടത്താനായില്ല.
ഇതിനിടെ വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (വാക്ക്) അംഗങ്ങൾ പ്രശ്നത്തിൽ ഇടപെടുകയും സ്പോൺസറെയും മറ്റും കണ്ട് കാര്യങ്ങൾ ബോധിപ്പിച്ച് സ്റ്റേഷനിൽ നിന്ന് നടപടികൾ അവസാനിപ്പിച്ച് നാട്ടിൽ അയക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു. കഴിഞ്ഞദിവസം ‘വാക്ക്’ ടിക്കറ്റ് നൽകി നാട്ടിൽ അയക്കുകയും ചെയ്തു. കുവൈത്തിൽ ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ കുടുംബവും വ്യാഴാഴ്ച നാട്ടിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.