കുവൈത്ത് സിറ്റി: സ്കൂൾ അടച്ചതോടെ നല്ലൊരു ശതമാനം പ്രവാസികളും നാട്ടിലെത്തിക്കഴിഞ്ഞു. നാട്ടിലുള്ളപ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. അവശ്യം വേണ്ട ചില രേഖകൾ സംഘടിപ്പിക്കാനുള്ള അവസരമായി അവധിക്കാലത്തെ ഉപയോഗപ്പെടുത്തണം. ആഘോഷങ്ങൾക്കും വിശ്രമത്തിനുമിടയിൽ ഒന്നോ രണ്ടോ ദിവസം ചെലവഴിച്ചാൽ ഈ അവശ്യ രേഖകൾ തരപ്പെടുത്താൻ കഴിയും.
വിവിധ രേഖകൾ ശരിയാക്കിവെക്കുന്നത് ഭാവിയിൽ പ്രയോജനപ്രദമാകും. അവസാന നിമിഷങ്ങളിൽ രേഖകൾക്കായുള്ള ഓട്ടപ്പാച്ചിൽ ഒഴിവാക്കാം.
അത്യാവശ്യമായി വേണ്ട ഒരു രേഖയാണ് ആധാർ ഇപ്പോൾ. ഇതുവരെ ആധാർ കാർഡ് ലഭിച്ചിട്ടില്ലെങ്കിൽ എത്രയും വേഗം അപേക്ഷിക്കണം. ആധാർ കാർഡ് എടുത്തിട്ടുള്ളവർ അത് അപ്ഡേറ്റ് ചെയ്യണം. പാസ്പോർട്ട് അനുസരിച്ചുള്ള വിവരങ്ങളല്ല ആധാർ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ അത് ഒരുപോലെയാക്കണം. അക്ഷയകേന്ദ്രങ്ങളിൽ പോയാൽ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. കുട്ടികൾക്കും ആധാർ കാർഡ് ഉണ്ടെന്ന് ഉറപ്പുവരുത്തണം.
ഇതുവരെ പാൻ കാർഡ് എടുത്തിട്ടില്ലെങ്കിൽ ഉടൻ തന്നെ അപേക്ഷിക്കുക. സാമ്പത്തികകാര്യങ്ങൾ യഥാസമയം നടക്കണമെങ്കിൽ പാൻ കാർഡ് അത്യാവശ്യമാണ്.
ആധാറിലെയും പാൻ കാർഡുകളിലെയും പേരും വിലാസവും പാസ്പോർട്ടിലുള്ളതുപോലെ തന്നെയാണെന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ അത് മാറ്റാനുള്ള നടപടികൾ പൂർത്തിയാക്കുക
പാസ്പോർട്ടിൽ കുടുംബപ്പേര് ഉൾപ്പെട്ടിട്ടില്ലെങ്കിൽ, കുടുംബപ്പേര് ഉള്ള പുതിയ പാസ്പോർട്ടിന് അപേക്ഷിക്കണം. അതിന് ആവശ്യമായ രേഖകൾ ശരിയാക്കണം. ജനന സർട്ടിഫിക്കറ്റിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ അവ തിരുത്താനും അവധിക്കാലം ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.