കുവൈത്ത് സിറ്റി: ബയോമെട്രിക് വിരലടയാളം എടുക്കാതെ രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യുന്നതിന് തടസ്സങ്ങളില്ലെന്നും കുവൈത്തിൽ പ്രവേശിക്കുമ്പോൾ ബാധകമാകാമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൽ ലത്തീഫ് അൽ ബർജാസ്.
ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബയോമെട്രിക് വിരലടയാള കേന്ദ്രങ്ങളിൽ ബുധനാഴ്ച അദ്ദേഹം പരിശോധന നടത്തി. ബയോമെട്രിക് സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, വേഗത, സൗകര്യങ്ങൾ തുടങ്ങിയവ അൽ ബർജാസ് വിലയിരുത്തി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകളും അഭിനന്ദനങ്ങളും പദ്ധതിയുടെ ചുമതലയുള്ള ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് ജീവനക്കാരെ അൽ ബർജാസ് അറിയിച്ചു.
കുവൈത്തിൽ താമസിക്കുന്ന 18 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവരുടെയും ഡാറ്റാബേസിന്റെ ലഭ്യതക്ക് ബയോമെട്രിക് ഫിംഗർപ്രിന്റ് പ്രോജക്ട് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ മേഖലകളിൽ വികസന, നവീകരണ പദ്ധതികൾ നടപ്പാക്കുന്നതിനും പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനും ബന്ധപ്പെട്ടവർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.