കുവൈത്ത് സിറ്റി: സ്വദേശികൾക്ക് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാനുള്ള സമയം ഈ മാസം അവസാനിക്കാനിരിക്കെ മാതൃക തീർത്ത് കുവൈത്ത് നേതൃത്വം. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ നടപടികൾ പൂർത്തിയാക്കി.
തിങ്കളാഴ്ച രാവിലെയാണ് അമീർ ബയോമെട്രിക് ഫിംഗർ പ്രിന്റ് നടപടികൾ പൂർത്തിയാക്കിയത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. പിറകെ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരും നടപടികൾ പൂർത്തിയാക്കി.
കുവൈത്ത് പൗരന്മാർക്ക് സെപ്റ്റംബർ 30, പ്രവാസികൾക്ക് ഡിസംബർ 31 എന്നിങ്ങനെയാണ് ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാൻ അനുവദിച്ച സമയം. ഇതിനകം മുഴുവൻ പേരും രജിസ്ട്രേഷൻ പൂർത്തിയാക്കണം. രജിസ്ട്രേഷനുകൾ സുഗമമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
അതേസമയം സ്വദേശികളും പ്രവാസികളും അടങ്ങുന്ന നിരവധിപേർ ഇനിയും രജിസ്ട്രേഷൻ പൂർത്തിയാക്കാനുണ്ട്. സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്തവർക്ക് എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സമയപരിധികൾ ദീർഘിപ്പിക്കാനും സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.