കുവൈത്ത് സിറ്റി: രാജ്യത്ത് കര-വ്യോമ അതിര്‍ത്തികളില്‍ ബയോമെട്രിക് സ്ക്രീനീങ് ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 18 വയസ്സിന് മുകളിൽ പ്രായമുള്ള സ്വദേശികളും പ്രവാസികളുമായവര്‍ രാജ്യത്തേക്ക് പ്രവേശിക്കുമ്പോള്‍ ബയോമെട്രിക് സ്കാനിങ്ങിന് വിധേയമാകണമെന്ന് മന്ത്രാലയം വാര്‍ത്തക്കുറിപ്പിൽ വ്യക്തമാക്കി.
കണ്ണുകളും, മുഖങ്ങളും സ്കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക് സിഗ്നേച്ചറുകളുമാണ് കര-വ്യോമ അതിര്‍ത്തികളില്‍ സ്ഥാപിച്ചിട്ടുള്ളത്. യാത്രക്ക് മുമ്പായി ബയോമെട്രിക് ഡേറ്റ രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്കായി ജഹ്റ, അലി സബാഹ് അൽ സാലം, വെസ്റ്റ് മിഷ്റഫ്, ഫർവാനിയ എന്നിവിടങ്ങളിലായി നാല് കേന്ദ്രങ്ങൾ തുറന്നതായി അധികൃതര്‍ അറിയിച്ചു.
പുതിയ സംവിധാനം നടപ്പിലായാതോടെ അതിര്‍ത്തികളില്‍ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ എൻട്രി, എക്സിറ്റ് നടപടിക്രമങ്ങൾ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനും കഴിയുമെന്നാണ് കരുതപ്പെടുന്നത്. ബയോമെട്രിക് സ്ക്രീനിങ് ശക്തമാക്കുന്നതോടെ രാജ്യത്തുനിന്ന് നാട് കടത്തിയവരും തൊഴില്‍ കരാര്‍ ലംഘിച്ച് ഒളിച്ചോടിയവരും കുവൈത്തിലേക്ക് വ്യാജ പേരില്‍ പ്രവേശിക്കുന്നത് തടയാന്‍ കഴിയും.
സുരക്ഷ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന ബഹുമുഖ പദ്ധതിയുടെ ഭാഗമായാണ് ബയോമെട്രിക് സ്ക്രീനിങ് ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കര,വ്യോമ, കടൽ അതിർത്തി വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ പത്ത് വിരലടയാളങ്ങളും സ്കാന്‍ ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. വിരലടയാളങ്ങള്‍, ഐറിസ് സ്കാനുകൾ, ഫേഷ്യൽ റെക്കഗ്നിഷൻ, ഇലക്ട്രോണിക് സിഗ്നേച്ചറുകൾ തുടങ്ങിയ നൂതന ബയോമെട്രിക് സംവിധാനങ്ങള്‍ വഴി രാജ്യത്തെ സുരക്ഷ നടപടികൾ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
പരിശോധന യന്ത്രത്തിൽ വിരൽ വെക്കുന്നതോടെ മൂന്നു സെക്കന്റുകൾക്കകം ഡേറ്റബേസിൽ നിന്ന് വ്യക്തികളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് പൊലീസിന്റെ പരിശോധന സംവിധാനം സജ്ജീകരിച്ചരിക്കുന്നത്. നിലവിൽ 12 ദശലക്ഷം വിരലടയാളങ്ങൾ സൂക്ഷിച്ചുവെക്കാനുള്ള ശേഷി ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്റിലെ ഫിംഗർ പ്രിന്റ് ഡേറ്റാബേസിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.