ദോഹ: വെടിനിർത്തലിനും ബന്ദിമോചനത്തിനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങൾ തള്ളി ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം കനക്കുന്നതിനിടെ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഖത്തറിൽ. ശനിയാഴ്ച വൈകുന്നേരം ദോഹയിലെത്തിയ യു.എൻ സെക്രട്ടറി ജനറൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായി കൂടികാഴ്ച നടത്തി.
ഹമാസ് തടവിൽ നിന്നും നാല് ബന്ദികളുടെ മോചനം സാധ്യമാക്കിയതിനും, മറ്റു ബന്ദികളുടെ മോചന ശ്രമത്തിനും ഖത്തർ നടത്തുന്ന ഇടപെടലുകൾക്ക് നന്ദി പറയാൻ ദോഹയിലെത്തിയെന്നായിരുന്നു അന്റോണിയോ ഗുട്ടെറസ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. കൂടിക്കാഴ്ചയിൽ ഇസ്രായേലിന്റെ ആക്രമണം സാധാരണ ജനങ്ങളുടെയും ബന്ദികളുടെയും ജീവന് ഒരുപോലെ ഭീഷണിയാണെന്ന് ഖത്തര്‍ വ്യക്തമാക്കി. ഗസ്സയില്‍ നിന്നും ഫലസ്തീന് ജനതയെ ആട്ടിയോടിക്കാനുള്ള ഇസ്രായേലിന്റെ നീക്കത്തെ ഖത്തര്‍ എതിര്‍ത്തു.
ശക്തമായ ബോംബിങ്ങും കരയുദ്ധവും തുടരുന്നത് സാധാരണക്കാരുടെയും ബന്ദികളുടെയും ജീവന് ഒരുപോലെ അപകടത്തിലാക്കുമെന്നും പ്രധാനമന്ത്രി യു.എന്നിന് മുന്നറിയിപ്പ് നല്കി. വെടിനിര്‍ത്തലിനായി യോജിച്ച ശ്രമങ്ങളുണ്ടാകണമെന്നും ഐക്യരാഷ്ട്ര സഭ പൊതുസഭയുടെ നിർദേശം അംഗീകരിച്ച് നടപ്പാക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ ഇടപെടലിനും ആവശ്യപ്പെട്ടു. സിവിലിയൻമാരെ ലക്ഷ്യമിടുന്നതിലും നിരപരാധികളായ സാധാരണക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നതും കൂട്ടായ ശിക്ഷ എന്ന നയവും അംഗീകരിക്കാനാവില്ലെന്നും പ്രധാനമന്ത്രി യു.എൻ തലവനെ അറിയിച്ചു. വെടിനിര്‍ത്തലിന് വേണ്ടിയുള്ള ഖത്തറിന്റെ നയതന്ത്ര ഇടപെടലുകളെ യു.എൻ സെക്രട്ടറി ജനറൽ പ്രശംസിച്ചു.
വെള്ളിയാഴ്ച രാത്രിയിൽ ഗസ്സയെ പൂര്‍ണമായും ഒറ്റപ്പെടുത്തി ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ശനിയാഴ്ച ഇറാന് പ്രസിഡന്റ് ഇബ്രാഹിം റഈസിയും ഖത്തര്‍ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ബ്രിട്ടൻ, ഡച്ച്, റുമേനിയ തുടങ്ങിയ രാജ്യങ്ങളുമായും ഖത്തര്‍ ആശയവിനിമയം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.