കുവൈത്ത് സിറ്റി: കോവിഡ് മുന്നണിപ്പോരാളികൾക്ക് ബോണസ് നൽകുന്നതുമായി ബന്ധപ്പെട്ട് സിവിൽ സർവിസ് കമീഷൻ പട്ടിക തയാറാക്കി. കോവിഡ് വ്യാപനം ആരംഭിച്ച 2020 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ 26 സർക്കാർ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരാണ് ആനുകൂല്യത്തിന് അർഹരാകുക. ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടുന്ന ആരോഗ്യ ജീവനക്കാർക്ക് പുറമെ, കോവിഡ് കാല സേവനങ്ങളിൽ ഏർപ്പെട്ട മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകും.
കർഫ്യൂ കാലത്ത് സേവനം അനുഷ്ഠിച്ച പൊലീസുകാർ, സൈനികർ, നാഷനൽ ഗാർഡ് അംഗങ്ങൾ തുടങ്ങിയവർക്കെല്ലാം ആനുകൂല്യം ലഭിക്കും. സിവിൽ സർവിസ് കമീഷൻ തയറാക്കിയ പട്ടിക ധനകാര്യ മന്ത്രാലയത്തിന് കൈമാറി. ധന മന്ത്രാലയത്തിെൻറ പരിശോധനക്കു ശേഷം പട്ടിക അംഗീകരിച്ച് ആനുകൂല്യം വിതരണം ചെയ്യും.
600 ദശലക്ഷം ദീനാറാണ് ധനമന്ത്രാലയം കോവിഡ് ബോണസ് നൽകാനായി വകയിരുത്തിയത്. ഇതിൽ ഭൂരിഭാഗവും ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, നാഷനൽ ഗാർഡ് എന്നിവയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ടായ ഉദ്യോഗസ്ഥരുടെ വിഹിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.