കുവൈത്ത് സിറ്റി: മധ്യപ്രദേശിലെ ഇന്ദോറില്‍ നടന്ന ‘പ്രവാസി ദിവസ്- 2023’ കൺവെൻഷനിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) കുവൈത്ത് പ്രതിനിധി സംഘം പങ്കെടുത്തു. ചെയര്മാന് ഗുര്‍വീന്ദര്‍ സിങ് ലാംബ, വൈസ് ചെയര്മാന് കൈസര്‍ ടി. ഷാക്കിര്‍, സെക്രട്ടറി സോളി മാത്യു, ജോ. സെക്രട്ടറി കെ.പി. സുരേഷ്, ട്രഷറര്‍ സുനിത് അറോറ എന്നിവരുടെ നേതൃത്വത്തിൽ കുവൈത്തില്‍ നിന്നുള്ള 65 അംഗ സംഘം പരിപാടിയിൽ സംബന്ധിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും നൈപുണ്യ വികസന മന്ത്രിയുമായ ധർമേന്ദ്ര പ്രധാന്, വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് എന്നിവരുമായി സംഘം പ്രത്യേക കൂടിക്കാഴ്ച നടത്തി. തങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും അംഗങ്ങൾ മന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇന്ത്യയിലേക്കുള്ള നിക്ഷേപം, ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള കയറ്റുമതി എന്നിവയിലും ഇന്ത്യ-കുവൈത്ത് ബന്ധം ശക്തിപ്പെടുത്തുന്നതിനും ഐ.ബി.പി.സിയുടെ പിന്തുണ ഉറപ്പു നൽകി. കുവൈത്തും ഇന്ത്യയും തമ്മിലുള്ള വ്യാപാര- വികസന മേഖലയിലെ ഉയര്‍ച്ചയില്‍ കേന്ദ്ര സർക്കാറിന് അതിയായ സന്തോഷമുണ്ടെന്ന് ധർമേന്ദ്ര പ്രധാന് വ്യക്തമാക്കി. ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിൽ ‘നീറ്റ്’ നടത്താന്‍ അവസരം ലഭിച്ചതു കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടെന്നതിന്റെ ഉദാഹരണമാണെന്നും പ്രധാന് ചൂണ്ടിക്കാട്ടി.
പ്രവാസി ദിവസ് യാത്രക്കുള്ള മാര്‍ഗനിര്‍ദേശത്തിനും പിന്തുണക്കും കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈകയോട് ഐ.ബി.പി.സി നന്ദി രേഖപ്പെടുത്തി. ഐ.സി.എസ്.ജി ചെയര്മാന് രാജ്പാല് ത്യാഗി, ബി.പി.പി കുവൈത്ത് പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യന്‍, രാജസ്ഥാനി ദർപ്പണ്‍ പ്രസിഡന്റ് ധനപാല്‍ പഞ്ചാല്‍ എന്നിവരും മന്ത്രിതല യോഗത്തില്‍ പങ്കെടുത്തു. പ്രവാസി ഭാരതീയ ദിവസിന്റെ ഭാഗമായി വിദേശകാര്യ മന്ത്രാലയമാണ് യോഗം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.