കുവൈത്ത് സിറ്റി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത് ആർ.എസ്.എസ് തുടർന്നു വരുന്ന ഫാസിസ്റ്റ് അജണ്ടകളുടെ ഭാഗമായാണെന്ന് ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി. മതം പൗരത്വത്തിന്റെ മാനദണ്ഡമാക്കുന്നത് ജനങ്ങളെ വർഗീയമായി വിഭജിക്കാനുള്ള ആസൂത്രിത നീക്കമാണ്. സാമുദായിക സ്പർധ സൃഷ്ടിച്ചും വർഗീയ വികാരം ഇളക്കിവിട്ടും ജനതയെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താനുള്ള നീക്കമായാണ് ഇതിനെ കാണേണ്ടത്.
തുല്യാവകാശമാണ് ഭരണഘടന വിഭാവന ചെയ്യുന്നത്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന അടിസ്ഥാന തത്വങ്ങളെ കാറ്റിൽ പറത്തി ഈ വിജ്ഞാപനം പുറപ്പെടുവിച്ചത് അംഗീകരിക്കാനാകില്ല. ഇതിനെതിരെ വ്യാപക ചെറുത്തു നിൽപ്പ് ഉയർന്നു വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷതയിൽ ചേർന്ന യോഗം ജി.സി.സി രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. റമദാൻ റിലീഫ് പ്രവർത്തനം സജീവമാക്കാനും യോഗം തീരുമാനിച്ചു.
ഉമ്മർ ഇ.എൽ, ഇൽയാസ് ചിത്താരി, ഹക്കീം എരോൽ, റഷീദ് ഉപ്പള, റഷീദ് കണ്ണൂർ, അഷ്റഫ് ചാപ്പയിൽ, സഫാജ് പടന്നക്കാട്, മുനീർ തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി സ്വാഗതവും ട്രഷറർ അബൂബക്കർ എ.ആർ നഗർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.