കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആരോഗ്യനിലയും ഗസ്സയിലെ ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണവും മന്ത്രിസഭയോഗം ചർച്ച ചെയ്തു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന പ്രതിവാരയോഗത്തിൽ സമീപകാല സംഭവവികാസങ്ങളും മറ്റു നിരവധി വിഷയങ്ങളും വിലയിരുത്തി.
അമീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയും ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയുമായ എസ്സ അൽ കന്ദരി അറിയിച്ചു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് നല്ല ആരോഗ്യവും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കാബിനറ്റ് ആശംസിച്ചു.
ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണം പുനരാരംഭിച്ചതിനെ മന്ത്രിസഭ അപലപിച്ചു. ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ ഇടപെടാൻ യോഗം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇസ്രായേൽ ആക്രമണകാരികളെ അവരുടെ ഹീനമായ പ്രവൃത്തികൾക്ക് ലോകം ഉത്തരവാദികളാക്കണം. കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി 1967ലെ അതിർത്തിക്കുള്ളിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിച്ച് മിഡിൽ ഈസ്റ്റ് പ്രശ്നം പരിഹരിക്കാൻ മന്ത്രിസഭ ആഹ്വാനം ചെയ്തതായി യോഗശേഷം മന്ത്രി എസ്സ അൽ കന്ദരി സൂചിപ്പിച്ചു.
പ്രധാനമന്ത്രിക്കെതിരെ എം.പി മൽഹെൽ ഖാലിദ് അൽ മുദാഫ് സമർപ്പിച്ച ഗ്രില്ലിങ് പ്രമേയവും ചർച്ച ചെയ്തു. നിർദേശങ്ങളൊന്നുമില്ലാതെ അവസാനിച്ച ഗ്രില്ലിങ് കുവൈത്ത് ജനാധിപത്യത്തിന്റെ യഥാർഥ മൂല്യങ്ങൾക്ക് അനുസൃതമാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചുവെന്ന് എസ്സ അൽ കന്ദരി പറഞ്ഞു. എക്സ്പോ 2030ന്റെ ആതിഥേയത്വം നേടിയ സൗദി അറേബ്യയെ അഭിനന്ദിച്ചു. സൗദി നേതൃത്വവും ജനങ്ങളും ഇതിന് അർഹരാണെന്നും സൂചിപ്പിച്ചു. 52ാം ദേശീയ ദിനം ആഘോഷിക്കുന്ന യു.എ.ഇക്കും അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.