കുവൈത്ത് സിറ്റി: ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന കരട് പ്രമേയത്തിനെതിരെ യു.എൻ സുരക്ഷാ കൗൺസിലിൽ യു.എസ് വീറ്റോ പ്രയോഗിച്ചതിൽ കുവൈത്ത് മന്ത്രിസഭ ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ബയാൻ പാലസിൽ ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് പരാമർശം.
ഗസ്സയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ മുന്നറിയിപ്പിനോട് പ്രതികരിക്കുന്നത് സുരക്ഷാ കൗൺസിലിൽ പരാജയപ്പെട്ടതിൽ മന്ത്രിസഭ യോഗം ആശങ്ക രേഖപ്പെടുത്തി.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് യോഗം വിലയിരുത്തി. ദോഹയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ സുപ്രീം കൗൺസിലിന്റെ 44-ാമത് സെഷന്റെ ഫലങ്ങൾ വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് മന്ത്രിസഭയെ അറിയിച്ചു. ദേശീയ അസംബ്ലി സമ്മേളനത്തിന്റെ അജണ്ടകളും മന്ത്രിസഭ ചർച്ച ചെയ്തതായി ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയും ദേശീയ അസംബ്ലി കാര്യ സഹമന്ത്രിയുമായ ഇസ അൽ കന്ദരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.