കുവൈത്ത് സിറ്റി: സ്വദേശിവത്കരണം ശക്തമാക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് തദ്ദേശീയ ബാങ്കുകളോട് ആവശ്യപ്പെട്ടു. കുവൈത്തികളെ നിയമിക്കാനാവശ്യമായ തസ്തിക ഉറപ്പാക്കണമെന്നും സ്വദേശികളെ ആകർഷിക്കുന്ന വിധം വേതനവും അവധിയും മറ്റ് അവകാശങ്ങളും കൊണ്ടുവരണമെന്നും ബാങ്കുകളോട് ആവശ്യപ്പെട്ടു.
ബാങ്കിങ് മേഖലയിലെ പുതിയ അവസരങ്ങൾ കുവൈത്തികൾക്കായി പരിമിതപ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം നടന്ന വിവിധ ബാങ്കുകളിലെ മാനവവിഭവശേഷി എക്സിക്യൂട്ടിവ് മേധാവികളുടെ ഓൺലൈൻ യോഗത്തിൽ സെൻട്രൽ ബാങ്ക് അധികൃതർ നിർദേശം നൽകി.
ഉയർന്ന തസ്തികകളിൽ കുവൈത്ത് പൗരന്മാരുടെ സാന്നിധ്യം വർധിപ്പിക്കാനുള്ള ശ്രമം നടത്തണമെന്ന് എച്ച്.ആർ മേധാവികളോട് സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു. ബാങ്കുകളിലെ സ്വദേശിവത്കരണം വർധിപ്പിക്കാനുള്ള നടപടികളുടെ മേൽനോട്ടം സെൻട്രൽ ബാങ്കിനായിരിക്കും.
ഇതുവരെയുള്ള നിയമന ശതമാനവും വരും വർഷങ്ങളിലെ സ്വദേശിവത്കരണ പദ്ധതികളും ബാങ്കുകൾ സെൻട്രൽ ബാങ്കിനെ ബോധ്യപ്പെടുത്തണം. വിദഗ്ധ തൊഴിലാളികളെ കിട്ടാത്ത മേഖലകളിൽ പരിശീലന പദ്ധതികൾ ആവിഷ്കരിക്കണമെന്നും സെൻട്രൽ ബാങ്ക് നിർദേശിച്ചു. കുവൈത്തിലെ തദ്ദേശീയ ബാങ്കുകളിൽ തൊഴിലെടുക്കുന്ന മലയാളികൾ അടക്കമുള്ള നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ട ഭീഷണി ഉയർത്തുന്നതാണ് സെൻട്രൽ ബാങ്ക് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.