കുവൈത്ത് സിറ്റി: പ്രവാസികളെ പൂർണമായും അവഗണിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിനെതിരെ പ്രവാസി സംഘടനകളിൽ വ്യാപക പ്രതിഷേധം.
വർഷങ്ങളായി പ്രവാസികൾ ഉയർത്തുന്ന വിഷയങ്ങൾ ഒന്നു പോലും പരാമർശിക്കാത്ത ബജറ്റിൽ വിവിധ സംഘടനകൾ നിരാശ രേഖപ്പെടുത്തി.
മുൻ ബജറ്റുകളിലും തികഞ്ഞ അവഗണ നേരിട്ട പ്രവാസികൾക്ക് ഇത്തവണയും ആശ്വാസമാകുന്ന ഒരു പ്രഖ്യാപനവും ഉണ്ടായില്ല. പ്രവാസി അവഗണനക്കൊപ്പം കേരളത്തോടുള്ള കേന്ദ്ര സർക്കാറിന്റെ സമീപനത്തിലും മലയാളി സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തി.
കുവൈത്ത് സിറ്റി: ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ കേരളത്തോട് തികഞ്ഞ അവഗണനയെന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത്.
മുന്നണിയിലെ സമ്മർദങ്ങൾക്ക് വഴങ്ങി ചില സംസ്ഥാനങ്ങൾക്കുവേണ്ടിയുള്ള ബജറ്റായി കേന്ദ്ര ബജറ്റ് ചുരുങ്ങി. രാജ്യത്തെ ദുർബല ജനവിഭാഗങ്ങളെ സഹായിക്കുന്നതും കാർഷിക മേഖലക്ക് ഉണർവ് പകരുന്നതുമായ ഒരു പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സബ്സിഡികളിലും പദ്ധതി വിഹിതത്തിലുമെല്ലാം കുറവ് വരുത്തി. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനാവശ്യമായ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ല.
കേരളത്തെ പാടെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. കാർഷിക മേഖലയെ സഹായിക്കൽ, എയിംസ് ഉൾപ്പെടെയുള്ള പദ്ധതികൾ എന്നിവയിൽ ഒരു പ്രഖ്യാപനങ്ങളും ബജറ്റിൽ ഉൾപ്പെട്ടിട്ടില്ല.
കേരളത്തോടുള്ള സമീപനത്തിൽ കേന്ദ്രത്തിന്റെ അവഗണന ഈ ബജറ്റിലും തുടർന്നിട്ടും സംസ്ഥാനത്തുനിന്നുള്ള കേന്ദ്ര മന്ത്രിമാരുടെ മൗനം സംസ്ഥാനത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കല ആക്റ്റിങ് പ്രസിഡന്റ് റിച്ചി കെ. ജോർജ്, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു എന്നിവർ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് പ്രവാസികളെയും കേരളത്തെയും തീർത്തും അവഗണിച്ചിരിക്കുകയാണെന്ന് ഐ.എം.സി.സി. എൻ.ഡി.എ സർക്കാർ പ്രവാസികളെ അവഗണിക്കുന്നത് തുടരുകയാണ്. പ്രവാസികളുടെ നിരന്തര ആവശ്യങ്ങളായ യാത്ര പ്രശ്നങ്ങൾക്കുള്ള പരിഹാരം, പുനരധിവാസം, ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ഒരു ഇടപെടൽ പോലും ഉണ്ടായിട്ടില്ല. കൊറോണ കാലത്തുപോലും പ്രവാസികളെ അവഗണിച്ചു.
പ്രവാസി സംഘടനകൾ ഒറ്റക്കെട്ടായി കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കണം എന്നും, പ്രവാസികളുടെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കാൻ ഇടപെടലുകൾ നടത്തണം എന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിക്ക് നിവേദനം നൽകുമെന്നും ഐ.എം.സി.സി ജി.സി.സി രക്ഷാധികാരി സത്താർ കുന്നിൽ, കുവൈത്ത് കമ്മിറ്റി പ്രസിഡന്റ് ഹമീദ് മധൂർ, ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി, ട്രഷറർ അബൂബക്കർ എ.ആർ. നഗർ എന്നിവർ അറിയിച്ചു.സാമ്പത്തിക പ്രതിസന്ധിയിലുള്ള കേരളത്തോട് വൈരാഗ്യ ബുദ്ധിയോടെയാണ് കേന്ദ്രം പെരുമാറുന്നത്. സാമ്പത്തിക പാക്കേജ്, വെള്ളപ്പൊക്ക ദുരിതാശ്വാസ സാഹായം, കൂടുതൽ തീവണ്ടികൾ, എയിംസ് തുടങ്ങിയ ഒരു കാര്യവും പരിഗണിക്കാതെ കേരളത്തെ കൂടുതൽ ഞെരുക്കാനാണ് കേന്ദ്ര ശ്രമിക്കുന്നത്. ഇത് നിരാശാജനകമാണെന്നും ഐ.എം.സി.സി വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കേന്ദ്ര ബജറ്റിൽ പ്രവാസികൾക്ക് വീണ്ടും അവഗണനയെന്ന് കെ.കെ.എം.എ. കേന്ദ്ര ബജറ്റ് തികച്ചും നിരാശയോടെയാണ് പ്രവാസി സമൂഹം ചർച്ച ചെയ്യപ്പെടുന്നത്. വിമാന യാത്ര ദുരിതം, യാത്ര ചാർജ് വർധന, അനവസരത്തിലെ യാത്ര മുടക്കം, വെൽഫെയർ ഫണ്ടിന്റെ കാര്യക്ഷമമായ ഉപയോഗം, പ്രവാസികളുടെ പുനരധിവാസം അടക്കമുള്ള ഒട്ടനവധി പ്രശ്നങ്ങളെ കേന്ദ്ര ബജറ്റ് അവഗണിച്ചു. കേരളത്തോട് കാണിച്ച സമീപനം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും പ്രകൃതി ദുരന്ത നിവാരണം, കാർഷിക മേഖലക്ക് നൽകേണ്ട ആനുകൂല്യങ്ങൾ അടക്കമുള്ള കാര്യങ്ങളിലും ബജറ്റ് നിരാശപ്പെടുത്തിയെന്നും കെ.കെ.എം.എ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.