കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയെ മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ സന്ദർശിച്ചു. കുവൈത്തിലെ ഇന്ത്യൻ സ്വകാര്യ ആതുരശുശ്രൂഷാ രംഗം, ഇന്ത്യ-കുവൈത്ത് ആരോഗ്യരംഗത്തെ സഹകരണം എന്നിവ ഇരുവരും സംസാരിച്ചു. ഇന്ത്യയിൽനിന്ന് മരുന്നുകൾ ഇറക്കുമതി ചെയ്യുന്നതിന്റെ സാധ്യതകൾ, കുവൈത്തിലെ രജിസ്ട്രേഷൻ പ്രക്രിയകൾ, മെഡിക്കൽ ടൂറിസം എന്നിവയും ചർച്ചയായി. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കാനുള്ള സാധ്യതകളും സംസാരിച്ചു. മെട്രോയിൽ പുതുതായി ആരംഭിക്കുന്ന സർജറി വിഭാഗത്തിലൂടെ സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ സർജറികൾ ലഭ്യമാക്കുന്നതിൽ സ്ഥാനപതി സന്തുഷ്ടി പ്രകടിപ്പിച്ചു.
സാമൂഹികനന്മ മുൻനിർത്തി മെട്രോ മെഡിക്കൽ ഗ്രൂപ് നടത്തുന്ന പ്രവർത്തനങ്ങൾ, കോവിഡ് കാലത്ത് നടത്തിയ സേവനങ്ങൾ എന്നിവയിൽ അംബാസഡർ സംതൃപ്തി രേഖപ്പെടുത്തി. ഫഹാഹീലിൽ മക്കാ സ്ട്രീറ്റിൽ മംഗഫ് സിഗ്നലിനടുത്ത് ആരംഭിക്കുന്ന സൂപ്പർ മെട്രോ ശാഖയോടൊപ്പം മറ്റു ശാഖകൾക്കും എല്ലാവിധ അഭിനന്ദനങ്ങളും ആശംസിച്ചു. ഇന്ത്യൻ എംബസി നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സഹകരിച്ച് ഒരുമിച്ചു പ്രവർത്തിക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജ്മെന്റ് തുടർന്നും എംബസിയുടെ കൂടെയുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.