കുവൈത്ത് സിറ്റി: യേശുവിന്റെ ജറൂസലം നഗരപ്രവേശനത്തിന്റെ ഓര്മ പുതുക്കി കുവൈത്തിലും ക്രൈസ്തവ സമൂഹം ഓശാന പെരുന്നാൾ ആഘോഷിച്ചു.
ക്ഷമയുടെയും സഹനത്തിന്റെയും എളിമയുടെയും പര്യായമായി കഴുതപ്പുറത്തെത്തിയ യേശുവിനെ ആയിരങ്ങള്‍ എതിരേറ്റ പുണ്യദിനത്തിന്റെ അനുസ്മരണമായി ആഘോഷ പരിപാടികൾ. കുവൈത്തിലെ വിവിധ ഇടവകകളിൽ ഓശാന പെരുന്നാൾ ശുശ്രൂഷകൾ നടന്നു. നൂറുകണക്കിനു വിശ്വാസികൾ ഓശാന ശുശ്രൂഷകളിൽ പങ്കെടുത്തു. ശുശ്രൂഷകളുടെ ഭാഗമായി പ്രദക്ഷിണവും കുരുത്തോല വാഴ്വും നടന്നു.
കുവൈത്ത് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ വിവിധ ദേവാലയങ്ങളിൽ നടന്ന ഓശാനയുടെ പ്രത്യേക ശുശ്രൂഷകളിൽ ആയിരക്കണക്കിന് വിശ്വാസികൾ കുരുത്തോലകളേന്തി ഭക്തിപുരസ്സരം പങ്കെടുത്തു.
പ്രവാസലോകത്തെ ജോലിത്തിരക്കിന്റെ പ്രത്യേക സാഹചര്യത്തിൽ രണ്ട് ദിവസം മുമ്പ് വരെ കുരുത്തോല വിതരണം നടന്നു. വിശുദ്ധവാരം ആരംഭിച്ചതോടെ ക്രൈസ്തവ വിശ്വാസികൾ ആത്മീയതയുടെ പാതയിലാണ്. ഈസ്റ്ററിന്റെ തൊട്ടുമുമ്പത്തെ ഞായറാഴ്ചയാണ് ഓശാന ഞായര്‍.
ഇനിയുള്ള ഒരാഴ്ച തീവ്ര നോമ്പിന്റെയും, പീഡാസഹന ഓര്മആചരണത്തിന്റെയും പുണ്യ ദിവസങ്ങളാണ്.
കുവൈത്ത് സിറ്റി: കുവൈത്തിലെ മലങ്കര കത്തോലിക്ക വിശ്വാസസമൂഹം കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെൻറ് (കെ.എം.ആർ.എം) ഓശാന പെരുന്നാൾ സമുചിതമായി ആഘോഷിച്ചു. ശനിയാഴ്ച വൈകീട്ട് ആറു മുതൽ കുവൈത്ത് സിറ്റി ഹോളി ഫാമിലി കോകത്തീഡ്രലിൽ നടത്തിയ ഓശാന ശുശ്രൂഷകൾക്ക് കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് റവ. ഫാ. ജോൺ തുണ്ടിയത്ത് നേതൃത്വം നൽകി.
കോവിഡിനുശേഷം പൊതുവായി നടത്തപ്പെട്ട ശുശ്രൂഷകൾക്ക് 600ൽപരം വിശ്വാസികൾ പങ്കെടുത്തു.
തുടർന്ന് വരുന്ന പെസഹ ശുശ്രൂഷ ഏപ്രിൽ 14 വ്യാഴാഴ്ച പുലർച്ചെ മൂന്നിന് കുവൈത്ത് സിറ്റി ഹോളി ഫാമിലി കോകത്തീഡ്രൽ പള്ളിയിലും ദുഃഖവെള്ളിയാഴ്ച ശുശ്രൂഷ 15ന് രാവിലെ ഒമ്പതു മുതൽ ഖൈത്താൻ കാർമൽ സ്കൂളിലും ഈസ്റ്റർ ശുശ്രൂഷ 17ന് പുലർച്ച മൂന്നിന് സിറ്റി കത്തീഡ്രൽ പള്ളിയിലും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.