കുവൈത്ത് സിറ്റി: ജനങ്ങളെ വേർതിരിക്കുന്ന പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും വൈവിധ്യങ്ങളാണ് ഇന്ത്യ എന്ന രാജ്യത്തെ വ്യത്യസ്തമാക്കുന്നതെന്നും കുവൈത്ത് കെ.എം.സി.സി. ലോകത്തെവിടെയും കേട്ടുകേൾവി പോലും ഇല്ലാത്ത രീതിയിലാണ് പൗരത്വ ഭേദഗതി നിയമം. ഭരണ നേട്ടങ്ങൾ ഒന്നും ജനങ്ങളുടെ മുന്നിൽ വെക്കാനില്ലാത്തതുകൊണ്ടാണ് ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഇത്തരം തീരുമാനം എടുക്കാൻ കേന്ദ്രം തയാറാവുന്നത്.
മതേതരത്വത്തിനു മുറിവേൽപിക്കുന്ന ഒരു തീരുമാനത്തോടും സന്ധി ചെയ്യാൻ തയാറാകില്ല. മുസ്ലിം ലീഗ് നടത്തുന്ന നിയമ പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ആക്ടിങ് സെക്രട്ടറി ഫാസിൽ കൊല്ലം എന്നിവർ അറിയിച്ചു.
കുവൈത്ത് സിറ്റി: പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ നിയമപോരാട്ടം തുടരുന്നതിനിടയിൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത് ആശങ്ക ഉളവാക്കുന്നതാണെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി).
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പിയുടെ ധ്രുവീകരണ ആയുധം മാത്രമാണ്. രാജ്യത്തെ ധ്രുവീകരിക്കാനും ഒരു സമുദായത്തെ മാത്രം അപരവത്കരിക്കാനും ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണമെന്ന് കെ.ഐ.സി ആവശ്യപ്പെട്ടു.
ഇലക്ടറൽ ബോണ്ട് വിഷയത്തിൽ തുടർച്ചയായി സുപ്രീം കോടതിയിൽ നിന്നേറ്റ പ്രഹരത്തെയും, രാജ്യത്തെ സാധാരണക്കാർ അനുഭവിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുമാണ് കേന്ദ്ര സർക്കാർ ഈ വേളയിൽ സി.എ.എ വിഷയം എടുത്തിടുന്നത്.
മതത്തിന്റെ പേരിൽ രാജ്യത്ത് ഭിന്നതയുണ്ടാക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കെ.ഐ.സി വാർത്താ ക്കുറിപ്പിൽ അറിയിച്ചു.
കുവൈത്ത് സിറ്റി: ഇന്ത്യയിലെ പൗരന്മാരെ മതാടിസ്ഥാനത്തിൽ വിഭജിക്കാനുള്ള നീക്കം അത്യന്തം അപകടകരമെന്ന് കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ അഭിപ്രായപ്പെട്ടു. മതം നോക്കി പൗരത്വം നൽകുന്നത് ജനാധിപത്യ രാജ്യത്തിന് അപമാനമാണ്. രാജ്യത്തിന്റെ യശസ്സിന് കളങ്കമേൽപ്പിക്കാൻ മാത്രമേ ഇത് കാരണമാകൂ.
പൗരത്വ നിയമ ഭേദഗതി വഴി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ ഭയപ്പെടുത്തി നിരാശരാക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ടുപോകാൻ ഒന്നിച്ചു നിൽക്കണമെന്നും ഹുദ സെന്റർ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് ഉത്കണ്ഠപ്പെടുന്ന സർക്കാർ സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ നൽകുന്നതിൽ എത്രമേൽ ജാഗ്രത കാണിക്കുന്നെണ്ടെന്നു ചിന്തിക്കണം. എല്ലാ വിഭാഗം ജനങ്ങൾക്കും നിർഭയത്വത്തോടുകൂടി രാജ്യത്ത് ജീവിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
മുസ്ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്തുകയും വർഗീയ കക്ഷികളെ താലോലിക്കുകയും ചെയ്യുന്ന നീക്കങ്ങളുമായി മുന്നോട്ടുപോകാൻ ശ്രമിക്കുന്നത് അത്യന്തം അപലപനീയമാണെന്നും ഹുദ സെന്റർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.