കുവൈത്ത് സിറ്റി: സിറ്റി ക്ലിനിക്ക് ഗ്രൂപ് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ, പീഡിയാട്രിക് അസോസിയേഷൻ എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച ‘കൗമാര ആരോഗ്യ’ അന്താരാഷ്ട്ര ശിൽപശാല ശ്രദ്ധേയമായി. ‘കൗമാരത്തിന്റെ അർഥവും സത്തയും’ എന്ന തലക്കെട്ടിൽ മൂന്നു ദിവസങ്ങളിലായി നടന്ന ശിൽപശാലയിൽ ഡോക്ടർമാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ, കൗൺസിലർമാർ എന്നിവർ പങ്കാളികളായി. ആദ്യദിനത്തിൽ സാൽമിയയിലെ റാഡിസൺ ബ്ലൂയിൽ ജനറൽ പ്രാക്ടീഷണർമാരെ ലക്ഷ്യമിട്ടുള്ള കോൺഫറൻസിൽ ഇന്ത്യയിലെ സി.എം.സി വെല്ലൂർ ആശുപത്രിയിലെയും കുവൈത്തിലെയും വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്തു. 200ഓളം ഡോക്ടർമാർ പങ്കാളികളായി.
ശിൽപശാലയിൽ പങ്കെടുത്ത വിദ്യാർഥികൾ
രണ്ടാം ദിനത്തിൽ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താനിൽ നടന്ന ശിൽപശാല എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികൾ പ്രയോജനപ്പെടുത്തി. 350 പേർ പങ്കെടുത്തു. കൗമാരക്കാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള പ്രഭാഷണവും തുടർന്ന് വിദഗ്ധരുമായി സംവാദവും നടന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സെഷനുകളും നടന്നു. സ്കൂളിലെ മുഴുവൻ ജീവനക്കാരും ശിൽപശാലയുടെ ഭാഗമായി. അവസാന ദിവസം ഖൈത്താനിലെ കാർമൽ സ്കൂൾ ഓഡിറ്റോറിയമായിരുന്നു വേദി.
വിദ്യാർഥികൾ, രക്ഷിതാക്കൾ, കൗൺസിലർമാർ എന്നിങ്ങനെ 350 ഓളം പേർ പങ്കാളികളായി. പാനൽ ചർച്ചകൾ, റോൾ പ്ലേകൾ, ചർച്ചകൾ എന്നിവയായിരുന്നു കോൺഫറൻസ് ഹൈലൈറ്റ്. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ശിൽപശാലയിൽ പ്രധാന അതിഥിയായി പങ്കെടുത്തു. കൗമാര ആരോഗ്യ അവബോധത്തെക്കുറിച്ചുള്ള ആശയത്തിന് സിറ്റി ക്ലിനിക്കിനെ അദ്ദേഹം അഭിനന്ദിച്ചു.
മൂന്നു ദിവസവും സി.എം.സി വെല്ലൂരിലെയും കുവൈത്തിലെയും വിദഗ്ധ ഡോക്ടർമാർ ക്ലാസുകൾ കൈകാര്യം ചെയ്തു. സിറ്റി ക്ലിനിക്ക് ഗ്രൂപ് സി.ഇ.ഒ ആനി വൽസൻ, ജനറൽ മാനേജർ കെ.പി. ഇബ്രാഹിം, മറ്റു മാനേജ്മെന്റ് പ്രതിനിധികൾ, ജീവനക്കാർ എന്നിവരും പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.