കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി സ്പോൺസറുമായി ഉണ്ടാക്കിയ കരാർ കാലാവധി പൂർത്തീകരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടെന്ന് അപ്പീൽ കോടതി. കുവൈത്ത് സ്വദേശിയായ സ്പോൺസർ നൽകിയ കേസിലാണ് കോടതി വിധി. പരാതിക്കാരൻ ഗാർഹിക തൊഴിലാളിയുമായി രണ്ടുവർഷത്തെ കരാറിലാണ് ഏർപ്പെട്ടിരുന്നത്. എന്നാൽ, അവർ അത് പൂർത്തീകരിക്കുന്നതിൽ വീഴ്ച വരുത്തിയതായി കാണിച്ചാണ് സ്പോൺസർ കോടതിയെ സമീപിച്ചത്.
എഴുതപ്പെട്ട കരാറിന് വിരുദ്ധമായി തൊഴിലാളി സ്പോൺസർക്ക് വേണ്ടി ജോലിചെയ്യാൻ വിസമ്മതിക്കുകയോ ഒളിച്ചോടുകയോ ചെയ്താൽ പോലും അവരിൽനിന്നും തൊഴിലുടമക്ക് നഷ്ടപരിഹാരം ഈടാക്കാൻ അർഹതയുണ്ടെന്ന് ലേബർ റിക്രൂട്ട്മെൻറ് നിയമത്തിൽ പറഞ്ഞിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. കരാർ കാലാവധി നിറവേറ്റാൻ വീട്ടുജോലിക്കാരനെ നിർബന്ധിക്കുന്നത് ആധുനിക നിർബന്ധിത തൊഴിലായോ അടിമത്തമായോ കണക്കാക്കുമെന്നും കോടതി നിരീക്ഷിച്ചു.
ജോലിയിൽ തുടരാൻ തൊഴിലാളിയെ നിർബന്ധിക്കണമെന്നും അല്ലെങ്കിൽ കരാർ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്നുമാണ് പരാതിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടത്. സ്പോൺസറിൽനിന്ന് ഒാടിപ്പോകുന്നത് രാജ്യത്തെ നിയമപ്രകാരം അനുവദനീയമല്ല. എന്നാൽ, ഇതിന് സ്പോൺസർക്ക് നഷ്ടപരിഹാരം നൽകണമെന്ന് നിയമത്തിൽ വ്യവസ്ഥയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.