കുവൈത്ത് സിറ്റി: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിൽ കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പങ്കെടുത്തു. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്റർ ആബിയിൽ നടന്ന ചടങ്ങിൽ പ്രത്യേക ക്ഷണപ്രകാരമാണ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി ചടങ്ങിനെത്തിയത്.
ബ്രിട്ടനിലെത്തിയ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ചാൾസ് മൂന്നാമൻ രാജാവുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. ബക്കിങ്ഹാം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. അമീറിന്റെ ആശംസകൾ കിരീടാവകാശി ചാൾസ് മൂന്നാമൻ രാജാവിനെ അറിയിച്ചു.
ചാൾസ് മൂന്നാമൻ രാജാവിനെ അഭിനന്ദിച്ച കിരീടാവകാശി കുവൈത്തും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്കിനെ പ്രശംസിക്കുകയും ചെയ്തു. കുവൈത്ത് അമീറിനും കിരീടാവകാശിക്കും ഭരണനേതൃത്വത്തിനും ചാൾസ് മൂന്നാമൻ നന്ദി അറിയിച്ചു.
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉന്നത പ്രതിനിധി സംഘവും കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്.
ബ്രിട്ടൻ സന്ദർശനത്തിനിടെ ലബനീസ് പ്രധാനമന്ത്രി നജീബ് മീഖാത്തിയുമായും കിരീടാവകാശി കഴിഞ്ഞദിവസം ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ പങ്കുവെച്ചു. ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങിൽ പങ്കെടുത്ത ശേഷം ശനിയാഴ്ച കിരീടാവകാശി കുവൈത്തിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.