കുവൈത്ത് സിറ്റി: രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ മുന്നേറ്റമുണ്ടാകുമെന്ന് റിപ്പോർട്ട്. 2024 സാമ്പത്തിക വർഷത്തിൽ കുവൈത്തിൽ 2.8 ശതമാനം സാമ്പത്തിക വളർച്ച ഉണ്ടാകുമെന്നാണ് ലോകബാങ്ക് റിപ്പോർട്ട്. ഈ വർഷത്തെ സാമ്പത്തിക വളർച്ചയിൽ ശക്തമായ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
എണ്ണവില വീണ്ടും ഉയരുന്നതാണ് സാമ്പത്തിക വ്യവസ്ഥ തിരിച്ചുവരുമെന്ന പ്രതീക്ഷക്ക് അടിസ്ഥാനം. എണ്ണ ഉൽപാദനത്തിൽ 3.6 ശതമാനം വളർച്ചയും എണ്ണയിതര മേഖലയിൽ 2.1 ശതമാനം വളർച്ചയുമാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയുടെ ക്രെഡിറ്റ് റേറ്റിങ് പൂർണമായി എണ്ണ കയറ്റുമതി വരുമാനവുമായി ബന്ധപ്പെട്ടതാണ്. ജി.സി.സി രാജ്യങ്ങളുടെ സാമ്പത്തിക രംഗവും ഈ വർഷം തിരിച്ചുവരവിന് തുടക്കം കുറിക്കുമെന്നും അടുത്ത വർഷം വേഗം കൈവരിക്കുമെന്നുമാണ് ലോക ബാങ്ക് വിലയിരുത്തൽ. 2024ൽ സാമ്പത്തിക വളർച്ച 2.8 ശതമാനത്തിൽ എത്തുമെന്നും 2025ൽ 4.7 ശതമാനത്തിലേക്ക് എത്തുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു. ആഗോള വിപണികള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്കിടയിലും കുവൈത്ത് ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ സമ്പത്ത് തുടർച്ചയായ വാർഷിക വളർച്ചക്ക് സാക്ഷ്യം വഹിക്കുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. എണ്ണ ശേഖരം തന്ത്രപരമായി വിനിയോഗിക്കുന്നതാണ് കുവൈത്തിന്റെ സാമ്പത്തിക വളർച്ചക്ക് അടിസ്ഥാനം. 2016 മുതല്‍ കുവൈത്തികളുടെ സമ്പത്ത് പ്രതിവര്‍ഷം മൂന്ന് ശതമാനം എന്ന നിരക്കിലാണ് വളര്‍ച്ച കൈവരിക്കുന്നത്.
നിലവിൽ കുവൈത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ പകുതിയും സർക്കാർ വരുമാനത്തിന്റെ 90 ശതമാനവും എണ്ണ മേഖലയിൽനിന്നാണ്. എണ്ണ വരുമാനത്തിന്റെ 10 ശതമാനം ഭാവി തലമുറയുടെ കരുതൽ നിധിയിലേക്ക് വകയിരുത്തിയ ശേഷമാണ് കുവൈത്ത് വരുമാനം കണക്കാക്കുന്നത്. കുവൈത്തിന്റെ സാമ്പത്തിക വളർച്ച മലയാളികൾ അടക്കമുള്ള പ്രവാസികൾക്കും ഗുണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.