കുവൈത്ത് സിറ്റി: ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. വിദേശികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം അംഗീകൃത വാക്സിനുകളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ കോവിഷീൽഡുമുണ്ട്. ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകൾക്കാണ് കുവൈത്ത് അംഗീകാരം നൽകിയിട്ടുള്ളത്.
കോവിഷീൽഡ് ആസ്ട്രസെനക തന്നെയാണെങ്കിലും ഇന്ത്യയിൽ മറ്റൊരു ബ്രാൻഡ്നെയിമിൽ അറിയപ്പെട്ടിരുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. ഇതിനാണ് ഇപ്പോൾ വ്യക്തത വന്നത്. കോവിഷീൽഡ് കുവൈത്ത് അംഗീകരിച്ചിട്ടുണ്ടെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ് നേരത്തെ ഒാപൺ ഹൗസിൽ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു.
വാക്സിൻ സർട്ടിഫിക്കറ്റ് മന്ത്രാലയത്തിെൻറ ആപ്പിൽ രജിസ്റ്റർ ചെയ്തവർക്ക് ഗ്രീൻ സിഗ്നൽ ലഭിക്കാതിരുന്നതാണ് ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചത്. ഇപ്പോൾ ഇതും ലഭിച്ചുതുടങ്ങി. നിരവധി പേർക്ക് അപ്രൂവൽ ലഭിച്ചു. ബാക്കിയുള്ളവർക്ക് അടുത്ത ദിവസം ലഭിക്കുമെന്നാണ് കരുതുന്നത്.
ഇന്ത്യയിൽനിന്നുള്ള വിമാന സർവിസും വൈകാതെ പുനരാരംഭിച്ചാൽ പ്രവാസികളുടെ മടക്കം സാധ്യമാകും. അതിനിടെ വിദേശികളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധനയും അംഗീകാരവും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
കുവൈത്ത് സിറ്റി: വിദേശരാജ്യത്ത് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ അംഗീകാരം ഇതിനായി തയാറാക്കിയ ഒാൺലൈൻ ലിങ്കിലൂടെ മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിെൻറ ഏതെങ്കിലും വകുപ്പിലൂടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകില്ലെന്നും ഇതിനായി ആരും സമീപിക്കേണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ വാക്സിനേഷൻ സെൻററുകളിലും ആശുപത്രികളിലും രജിസ്ട്രേഷനായി എത്തിയിരുന്നു. തുടർന്നാണ് മന്ത്രാലയം അറിയിപ്പു നൽകിയത്.
https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ലിങ്ക് വഴിയാണ് വിദേശത്ത് വാക്സിൻ സ്വീകരിച്ച കുവൈത്തികളുടെയും പ്രവാസികളുടെയും രജിസ്ട്രേഷൻ നടത്തുന്നത്. സിവിൽ െഎ.ഡി, ഇ-മെയിൽ വിലാസം എന്നിവ അടിച്ചുകൊടുത്താൽ മെയിലിലേക്ക് വൺ ടൈം വെരിഫിക്കേഷൻ കോഡ് അയച്ചുതരും.
ഇത് വെരിഫിക്കേഷൻ പേജിൽ പൂരിപ്പിക്കുക. തുടർന്ന് വ്യക്തിഗത വിവരങ്ങളും വാക്സിനേഷൻ വിവരങ്ങളും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. വാക്സിനേഷൻ സർട്ടിഫിക്കറ്റിെൻറ പി.ഡി.എഫ് 500 കെ.ബിയിൽ കൂടാത്ത സൈസിൽ അപ്ലോഡ് ചെയ്യണം. മൂന്ന് പ്രവൃത്തി ദിവസത്തിനകം പബ്ലിക് ഹെൽത് ഡിപ്പാർട്മെൻറ് പരിശോധിച്ച് അംഗീകാരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.