കുവൈത്ത് സിറ്റി: വിദേശത്തുനിന്ന് വരുന്നവർക്ക് കോവിഡ് ബാധയില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കേരള സർക്കാർ നടപടിക്കെതിരെ പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതിയിൽ ഹരജി നൽകി. ഇത്തരത്തിൽ ഒരു നിബന്ധന കേന്ദ്ര സർക്കാർ ഇതുവരെ പുറത്തിറക്കിയ എസ്.ഒ.പികളിൽ ഇല്ല എന്നും വന്ദേ ഭാരത് മിഷെൻറ ഭാഗമായി വരുന്നവർക്ക് ഇത്തരമൊരു സർട്ടിഫിക്കറ്റിെൻറ ആവശ്യമുണ്ടായിരുന്നില്ല എന്നും ജൂൺ 20 മുതൽ നാട്ടിലേക്ക് വരണമെങ്കിൽ കോവിഡ് പരിശോധന നടത്തി കോവിഡ് ബാധിതനല്ല എന്ന സർട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നത് ഇന്ത്യൻ ഭരണ ഘടന ഉറപ്പുനൽകുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിെൻറയും ലംഘനമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇത്തരത്തിൽ ഒരു നിബന്ധനയില്ല. കൂടാതെ സമാനമായ ഒരു കേസിൽ ഒഡിഷ സർക്കാർ എടുത്ത നടപടി സുപ്രീം കോടതി സ്റ്റേ ചെയ്ത കാര്യവും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. പലരാജ്യങ്ങളും ഇത്തരത്തിൽ കോവിഡ് പരിശോധനക്കായി കനത്ത തുകയാണ് ഈടാക്കുന്നത്.
മാസങ്ങളായി ജോലിയും കൂലിയും നഷ്ടപ്പെട്ട പ്രവാസികൾക്ക് ഇത്രയും തുക ചെലവഴിക്കാൻ സാധിക്കില്ല. പല രാജ്യങ്ങളിലും രോഗലക്ഷണമില്ലെങ്കിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകുന്നുമില്ല. ഇപ്പോൾത്തന്നെ കടുത്ത മാനസികവും ശാരീരികവും സാമ്പത്തികവുമായ ഭാരിച്ച പ്രയാസങ്ങളിലൂടെ കടന്നു പോകുന്ന പ്രവാസികളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ നാട്ടിലെത്തിക്കാനുള്ള നിർദേശം കേരള സർക്കാറിന് നൽകണമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടു. ഹരജി കേരള ഹൈകോടതി അടുത്ത ദിവസം പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.