കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങളിൽ വീഴ്ച വരുത്തുന്നവർക്ക് ശിക്ഷ കടുപ്പിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം മന്ത്രിസഭയോട് അഭ്യർഥിച്ചു.ഇതടക്കം വിവിധ ശിപാർശകൾ അടങ്ങിയ റിപ്പോർട്ട് ആരോഗ്യ മന്ത്രാലയം മന്ത്രിസഭക്ക് മുന്നിൽ സമർപ്പിച്ചു. മാസ്ക് ധരിക്കണമെന്നത് ഉൾപ്പെടെ ആരോഗ്യ മാർഗനിർദേശങ്ങൾ ലംഘിക്കുന്നത് കണ്ടാൽ ഉടൻ പിഴയീടാക്കാൻ മന്ത്രാലയ ഉദ്യോഗസ്ഥർക്ക് അധികാരം നൽകണം, നേരത്തേ അനുവദിച്ച ചില ഇളവുകൾ റദ്ദ് ചെയ്ത് നിയന്ത്രണം ശക്തമാക്കണം തുടങ്ങിയ നിർദേശങ്ങളും ആരോഗ്യ മന്ത്രാലയം മന്ത്രിസഭക്ക് മുന്നിൽ വെച്ചതായാണ് വിവരം.
സമീപ ദിവസങ്ങളിൽ കോവിഡ് കേസുകൾ കൂടിവരുന്നതാണ് ഇതിന് പ്രേരിപ്പിച്ചത്. തണുപ്പു കാലത്ത് കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യതയും അധികൃതർ തള്ളുന്നില്ല.കേസുകൾ നിയന്ത്രണാതീതമാവുകയാണെങ്കിൽ വീണ്ടും കർഫ്യൂ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. അതേസമയം, ഇനിയൊരു ലോക്ഡൗൺ നടപ്പാക്കിയാൽ സാമ്പത്തിക വ്യവസ്ഥക്ക് ദയാവധം വിധിക്കുന്നതിന് തുല്യമായിരിക്കുമെന്ന സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് ഒരുവശത്തുണ്ട്.
നാലുമാസത്തോളം നീണ്ട ലോക്ഡൗണിൽ നിരവധി പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. വാണിജ്യ സ്ഥാപനങ്ങൾ വലിയ പ്രതിസന്ധി നേരിട്ടു. ഇതിൽനിന്ന് ഇപ്പോഴും ചെറുകിട സ്ഥാപനങ്ങൾ മുക്തി നേടിയിട്ടില്ല.സർക്കാറും സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്നു. സ്വയം നിയന്ത്രണം പാലിക്കണമെന്ന അഭ്യർഥന ഒരു വിഭാഗം ജനങ്ങൾ പാലിക്കുന്നില്ല. ഇൗ സാഹചര്യത്തിലാണ് ശിക്ഷ കടുപ്പിക്കണമെന്ന ആവശ്യം ആരോഗ്യ മന്ത്രാലയം മന്ത്രിസഭക്ക് മുന്നിൽ വെക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തിൽ 653 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 93,475 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 620 പേർ ഉൾപ്പെടെ 83,660 പേർ രോഗമുക്തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 557 ആയി. ബാക്കി 9258 പേരാണ് ചികിത്സയിലുള്ളത്. 90 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4870 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. ഹവല്ലി ഹെൽത്ത് ഡിസ്ട്രിക്ടിൽ 189 പേർ, അഹ്മദി ഹെൽത്ത് ഡിസ്ട്രിക്ടിൽ 162 പേർ, കാപിറ്റൽ ഹെൽത്ത് ഡിസ്ട്രിക്ടിൽ 110 പേർ, ഫർവാനിയ ഹെൽത്ത് ഡിസ്ട്രിക്ടിൽ 105 പേർ, ജഹ്റ ഹെൽത്ത് ഡിസ്ട്രിക്ടിൽ 87 പേർ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.