കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന് അധികൃതർ കഠിനാധ്വാനം ചെയ്യുേമ്പാൾ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കാതെ ബീച്ചുകളിലും പാർക്കുകളിലും ജനത്തിരക്ക്.പെരുന്നാൾ ദിനത്തിലും തുടർന്നുള്ള അവധി ദിവസങ്ങളിലും കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ ബീച്ചുകളിൽ അർമാദിക്കുകയാണ്.
കോവിഡ് വ്യാപന ഭീഷണി ശക്തമായി തുടരുകയാണെന്നും ഒത്തുകൂടലുകൾക്കുള്ള വിലക്ക് നിലനിൽക്കുന്നുവെന്നും അധികൃതർ പറയുന്നു. കുവൈത്ത് സിറ്റി, സാൽമിയ, മഹബൂല എന്നിവിടങ്ങളിലെ ബീച്ചുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. സാമൂഹിക അകലമൊന്നും പാലിക്കപ്പെടുന്നില്ല. സന്ദർശകരിൽ മാസ്ക് യഥാവിധി ധരിക്കുന്നില്ല.
കഴിഞ്ഞ ആഴ്ച പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുള്ളത് ആശ്വാസമാണ്. 75നടുത്താണ് കഴിഞ്ഞ ദിവസങ്ങളിലെ പുതിയ കേസുകൾ. മേയ് തുടക്കത്തിൽ 1400ന് മുകളിൽ ഉണ്ടായിരുന്ന സ്ഥാനത്താണ് ഇൗ കുറവ്. വെള്ളിയാഴ്ച ഏഴ് മരണം റിപ്പോർട്ട് ചെയ്തു. 1,191 പേർ രോഗമുക്തി നേടി.
12,580 പേരാണ് ഇനി ചികിത്സയിലുള്ളത്. പെരുന്നാൾ ദിനം കർഫ്യൂ അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും ഇത് തോന്നിയ പോലെ പുറത്തിറങ്ങാനും ഒത്തുകൂടലിനുമുള്ള അനുമതിയല്ല. വിപണിയും പല തൊഴിൽ മേഖലകളും അനുഭവിക്കുന്ന പ്രതിസന്ധിക്ക് അയവ് വരുത്താനാണ് കർഫ്യൂ ഒഴിവാക്കിയത്. ഇത് പ്രഖ്യാപിച്ച മന്ത്രിസഭ യോഗം തന്നെ ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വീണ്ടും വൈറസ് വ്യാപിക്കുകയും ലോക്ഡൗൺ ഉൾപ്പെടെ നിയന്ത്രണങ്ങൾക്ക് അധികൃതർ നിർബന്ധിതരാകുകയും ചെയ്താൽ അത് താങ്ങാനുള്ള ശേഷി വിപണിക്കില്ല.നേരത്തെ ഉണ്ടായ ലോക്ഡൗണിലും കർഫ്യൂവിലും തന്നെ നിരവധി സ്ഥാപനങ്ങൾ തകർച്ചയിലായി. അതിൽനിന്ന് കരകയറാൻ മാസങ്ങളെടുക്കുമെന്നാണ് വിലയിരുത്തൽ.ഇൗ സാഹചര്യത്തിലാണ് ഒരു വിഭാഗം ആളുകൾ ജാഗ്രതാനിർദേശങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് ബീച്ചുകളിലും പാർക്കുകളിലും അർമാദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.