കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കമേഴ്സ്യൽ വിമാന സർവിസ് ജനുവരി രണ്ട് മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും 35 രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന വിലക്ക് തുടരും.
കോവിഡ് വ്യാപനം കൂടുതലുള്ളതെന്ന് വിലയിരുത്തിയാണ് ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവിസ് വിലക്കിയത്. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ചശേഷം കോവിഡ് പരിശോധന നടത്തി നെഗറ്റിവ് ആണെങ്കിൽ മാത്രമാണ് ഇൗ രാജ്യക്കാർക്ക് കുവൈത്തിലേക്ക് വരാൻ കഴിയുക.
യു.എ.ഇ, തുർക്കി, ഖത്തർ, ബഹ്റൈൻ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ ക്വാറൻറീൻ അനുഷ്ഠിച്ചാണ് ഇൗ രാജ്യക്കാർ കുവൈത്തിലേക്ക് വരുന്നത്. ഗാർഹികത്തൊഴിലാളികൾക്ക് നേരിട്ട് വരാൻ അനുമതി നൽകിയിരുന്നെങ്കിലും വിമാനത്താവള പ്രവർത്തനം നിർത്തിയതിനെ തുടർന്ന് സജീവമാക്കാൻ കഴിഞ്ഞിരുന്നില്ല.
ഇത് അടുത്ത ദിവസങ്ങളിൽ പുനരാരംഭിച്ചേക്കും. കുവൈത്തിൽ രണ്ടാഴ്ച ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ അനുഷ്ഠിക്കണമെന്ന നിബന്ധനയോടെയാണ് വീട്ടുജോലിക്കാർക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നത്. ഇന്ത്യ, അർമേനിയ, ബംഗ്ലാദേശ്, ബോസ്നിയ ആൻഡ് ഹെർസഗോവിന, ബ്രസീൽ, ചിലി, ചൈന, കൊളംബിയ, ഡൊമിനിക് റിപ്പബ്ലിക്, ഇൗജിപ്ത്, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, ഇറ്റലി, ഹോേങ്കാങ്, ഹംഗറി, ലബനാൻ, മെക്സികോ, മൊൽഡോവ, മോണ്ടിനെഗ്രോ, നേപ്പാൾ, വടക്കൻ മാസിഡോണിയ, പാകിസ്താൻ, പനാമ, പെറു, ഫിലിപ്പീൻസ്, സെർബിയ, സ്പെയിൻ, ശ്രീലങ്ക, സിറിയ, യമൻ, ബ്രിട്ടൻ, അർജൻറീന, ഫ്രാൻസ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് അനുമതിയില്ലാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.