കുവൈത്ത് സിറ്റി: ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിെൻറ പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നു സൂചന. ഹോട്ടൽ ക്വാറൻറീൻ ഉൾപ്പെടെ വ്യവസ്ഥകളോടെ ആകും പ്രവേശനം അനുവദിക്കുക. ഏഴുദിവസത്തെ ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാക്കി വിലക്കുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കണമെന്ന നിർദേശത്തിന് ആരോഗ്യമന്ത്രാലയം തത്ത്വത്തിൽ അംഗീകാരം നൽകിയതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുൾപ്പെടെ കോവിഡ് വ്യാപനം കൂടുതലുള്ള 34 രാജ്യങ്ങളിൽനിന്ന് നേരിട്ട് വരുന്നവർക്കാണ് നിലവിൽ പ്രവേശന വിലക്കുള്ളത്. ഇത് മറികടക്കാൻ യു.എ.ഇയിലും തുർക്കിയിലും മറ്റും 14 ദിവസം താമസിച്ച ശേഷം പ്രവാസികൾ എത്തുന്നുണ്ട്. ഇതിനു പകരം കുവൈത്തിൽ സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറൻറീനിൽ കഴിയാമെന്ന വ്യവസ്ഥയിൽ യാത്രക്കാരെ പ്രവേശിപ്പിക്കണമെന്ന നിർദേശത്തോടാണ് ആരോഗ്യമന്ത്രലയം അനുകൂല നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഏഴുദിവസത്തിനു ശേഷം പി.സി.ആർ പരിശോധന നടത്തി ഫലം നെഗറ്റിവ് ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം.
പി.സി.ആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചാൽ വീണ്ടും ഏഴു ദിവസം കൂടി ഹോട്ടൽ ക്വാറൻറീനിൽ കഴിയേണ്ടിവരും. ക്വാറൻറീൻ, പി.സി.ആർ പരിശോധന എന്നിവയുടെ ചെലവ് യാത്രക്കാരൻ വഹിക്കേണ്ടി വരും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനം 24 മണിക്കൂർ ആക്കി വർധിപ്പിക്കാൻ ആരോഗ്യമന്ത്രാലയം സമ്മതിച്ചതായി ഡി.ജി.സി.എ വൃത്തങ്ങൾ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ ഔദ്യോഗിക അംഗീകാരത്തിന് കാത്തിരിക്കുകയാണ് വ്യോമയാന വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.