കുവൈത്ത് സിറ്റി: ജനാധിപത്യം ഭരണ വ്യവസ്ഥ മാത്രമല്ല, ഒരു സംസ്കാരമാണെന്നും ഭൂരിപക്ഷത്തിെൻറ പേരിൽ ചെറുവിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കരുതെന്നും കുവൈത്ത് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു. 'ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, വിഭാഗീയത, സമൂഹ നിർമിതി' എന്ന പ്രമേയത്തിൽ ഇൻറർ പാർലമെൻററി യൂനിയൻ 143ാമത് ജനറൽ അസംബ്ലിയിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാറുകളെ അസ്ഥിരപ്പെടുത്താനല്ല, ശരിയായ പാതയിൽ ശക്തിപ്പെടുത്താനാണ് പാർലമെൻററി സ്ഥാനങ്ങൾ.
രാഷ്ട്രീയ അടിമത്തത്തിന് വിധേയരാകാതെ ധീരമായി നിലകൊള്ളണം. ഭൂരിപക്ഷത്തിെൻറ താൽപര്യങ്ങൾ കണ്ണടച്ച് നടപ്പാക്കുന്നതിെൻറ പേരല്ല ജനാധിപത്യം. എല്ലാവരുടെയും അവകാശങ്ങളെ വിലമതിക്കലാണത്. 'ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ' എന്നത് പ്രസക്തമായ വിഷയമാണെന്നും കുവൈത്ത് പാർലമെൻറിലും ഇതുസംബന്ധിച്ച് ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പെയിനിലെ മാഡ്രിഡിൽ നവംബർ 25 മുതൽ 30 വരെയാണ് സമ്മേളനം. മർസൂഖ് അൽ ഗാനിമിനെ കൂടാതെ ഹമദ് അൽ മതർ, സൽമാൻ അൽ ആസ്മി, ഉസാമ അൽ ഷാഹീൻ എന്നീ എം.പിമാരും പാർലമെൻറ് സെക്രട്ടറി ജനറൽ ആദിൽ അൽ ലുഗാനിയുമാണ് കുവൈത്ത് പ്രതിനിധി സംഘത്തിലുള്ളത്. അറബ്, ഇസ്ലാമിക്, ഏഷ്യൻ പാർലമെൻററി ഗ്രൂപ്പുകളുമായി സംഘം ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.